തിരുവനന്തപുരം: ആരോഗ്യ രംഗത്തെയും ടൂറിസം മേഖലയിലെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കും കൊവിഡാനന്തര ടൂറിസത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനുമാണ് അംഗീകാരം. 183.8 സ്കോർ നേടിയാണ് കേരളം ആരോഗ്യമേഖലിയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ടൂറിസം മേഖലയിൽ 90.5 പോയിന്റും നേടി.
ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനുള്ള ചെലവുകൾ കൂടാതെ, കുറഞ്ഞ ശിശുമരണ നിരക്ക് (IMR), കുറഞ്ഞ മാതൃമരണ നിരക്ക് (MMR), ഒരു ലക്ഷം പേർക്ക് എന്ന കണക്കിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരും സർക്കാർ ആശുപത്രികളും, ശരാശരി രോഗികൾ, സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം, ഓരോ സർക്കാർ ആശുപത്രിയിലേയും കിടക്കകൾ, ആയുർദൈർഘ്യം എന്നിങ്ങനെയുള്ള വിവിധ പാരാമീറ്ററുകൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്.
കൊവിഡാനന്തര ടൂറിസത്തിൽ സംസ്ഥാനം നടത്തിയ പ്രവർത്തനങ്ങൾക്കാണ് കേരളത്തിന് അവാർഡ്. 90.5 പോയിന്റുമായാണ് കേരളം അവാർഡിന് അർഹമായത്. ഈ സർക്കാർ തുടക്കമിട്ട കാരവാൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാടുഡെയുടെ തെരഞ്ഞടുപ്പ്. നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് ടൂറിസം മേഖലയിൽ കേരളത്തിന് മുന്നേറ്റം ഉണ്ടാക്കാനായി എന്നും വിലയിരുത്തി. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികൾ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാർഡിന് തെരഞ്ഞെടുത്തത്.