കൊച്ചി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ആറ് കോൺഗ്രസ് സിറ്റിഗ് എം.പി മാർ അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് തന്നോട് പറഞ്ഞുവെന്നും സുരേന്ദ്രൻ വെളിപ്പെടുത്തി. കേരളത്തിലെ ബിജെപിയുടെ ആശയപരമായ എതിരാളികൾ കോൺഗ്രസ് അല്ല സിപിഎം ആണെന്നും കോൺഗ്രസ് ചിത്രത്തിലേ ഇല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന് എന്ത് പ്രസക്തിയുണ്ടെങ്കിലും അത് നഷ്ടമാകും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രതികരണം ഒറ്റപ്പെട്ടതല്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
‘നിലവിൽ അധികാരം ഇല്ലാത്തതിൽ നേതാക്കൾ ബിജെപിയിലേക്ക് വരുന്നില്ലെങ്കിലും സാഹചര്യം മാറുന്നതിന് അനുസരിച്ച് അത് സംഭവിക്കും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമോ മുമ്പോ അത് ഉണ്ടാവും. 2024 ഓടെ കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും വലിയ കോളിളക്കം ഉണ്ടാകും.’ കെ സുരേന്ദ്രൻ പറഞ്ഞു.
‘മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി നിലവിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് ബിജെപിയിലേക്ക് ഇല്ല. ബിജെപി അധികാരത്തിൽ ഇല്ലായെന്നതാണ് ഇതിന് കാരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആറ് കോൺഗ്രസ് എംപിമാർ എന്നോട് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ അരക്ഷിതാവസ്ഥയാണ് അത് കാണിക്കുന്നത്. കേരളത്തിൽ കോൺഗ്രസ് ദുർബലമാകുമെന്നത് സംശയത്തിന് ഇടയില്ലാത്ത കാര്യമാണ്.’ സുരേന്ദ്രൻ കൂട്ടിചേർത്തു.