കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരവുമായി കർഷകർ. നവംബർ ഇരുപത്തിയാറിന് എല്ലാ രാജ്ഭവനിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശ വ്യാപക പ്രതിഷേധം. കേന്ദ്ര സർക്കാരിന്റേത് നാണം കേട്ട വാഗ്ദാന ലംഘനമാണെന്നും കർഷക സംഘടനകൾ.
കേന്ദ്ര സർക്കാർ ഉറപ്പു നൽകിയ എട്ടോളം വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചിട്ടില്ല. വൈദ്യുത ഭേദഗതി ബിൽ കർഷകർക്ക് തിരിച്ചടിയാണ്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ കർഷകർക്കെതിരെ ചുമത്തിയ കേസുകളും പിൻവലിച്ചിട്ടില്ല. പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകർക്കുള്ള ധനസഹായവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കർഷകർ ഉന്നയിക്കുന്നത്. ദില്ലി മാർച്ചിൻ്റെ പ്രതിഷേധ ദിനത്തിലാണ് കേന്ദ്രത്തിനെതിരെ കർഷകർ വീണ്ടും തെരുവിൽ ഇറങ്ങുന്നത്.
കർഷകരുടെ പ്രതിഷേധം അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയാകും. തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്നും കർഷകർ പറഞ്ഞു.