വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിലപാടുമായി ഹൈക്കോടതി. റോഡ് ഗതാഗതമടക്കം തടസപ്പെടുത്തിയുള്ള
സമര പന്തല്‍ പൊളിച്ച് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതില്‍ സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്കിയ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
സമാധാനപരമായ സമരങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ തടസങ്ങള്‍ നീക്കിയേ തീരൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി . കര്‍ശന നടപടിക്ക് കോടതിയെ നിര്‍ബന്ധിക്കരുത്, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1 നാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഈ ഉത്തരവ് നടപ്പിലായില്ല. തുടര്‍ന്നാണ് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഉത്തരവിൻ്റെ പുരോഗതി പരിശോധിക്കാനായി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.