രാജസ്ഥാനിലെ 6 ജില്ലകളിൽ പെൺകുട്ടികളെ ലേലം ചെയ്തു വിൽക്കുന്നു. സംസ്ഥാനത്തെ അരഡസൻ ജില്ലകളിലായി എട്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ മുദ്രപത്രത്തിലെഴുതി ലേലം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനു വിസമ്മതിച്ചാൽ പ്രാദേശിക ജാതി പഞ്ചായത്തുകളുടെ കൽപ്പനകൾ പ്രകാരം ബലാത്സംഗത്തിന് വിധേയരാകുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളും വായ്പകളും ഉൾപ്പെടെ ഇരുകക്ഷികൾ തമ്മിൽ തർക്കമുണ്ടാകുമ്പോഴെല്ലാം പണം തിരിച്ചുപിടിക്കാനാണ് 8-18 വയസ് പ്രായമുള്ള പെൺകുട്ടികളെ ലേലം ചെയ്യുന്നത്.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. നോട്ടീസിന് നാലാഴ്ചക്കകം മറുപടി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പെൺകുട്ടികളെ ലേലം ചെയ്യാറുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഈ പെൺകുട്ടികളെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മുംബൈ, ഡൽഹി തുടങ്ങി വിദേശത്തേക്ക് പോലും അയക്കുന്നു. ഇവർ ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയാകുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയായ പലരുടെയും അനുഭവങ്ങൾ മാധ്യമ റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഎച്ച്ആർസി പറഞ്ഞു, അത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് തുല്യമാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും നടപടി റിപ്പോർട്ടും ആവശ്യപ്പെട്ടതായി കമ്മീഷൻ അറിയിച്ചു. പെൺകുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങൾക്കും അന്തസ്സിനുമുള്ള അവകാശത്തിനും തടസ്സമാകുന്ന ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ ഭരണഘടനാ വ്യവസ്ഥകൾ നടപ്പാക്കുന്നതിനെ കുറിച്ചും റിപ്പോർട്ടിൽ അടങ്ങിയിരിക്കണമെന്ന് കമ്മീഷൻ പറഞ്ഞു.