കാസർകോട് മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻറ് റിസാന സാബിറിനെതിരെ അവിശ്വാസ പ്രമേയമത്തിനൊരുങ്ങി മുസ്ലിം ലീഗ്. സ്വന്തം പഞ്ചായത്ത് പ്രസിഡൻറിനെതിരെയാണ് മുസ്ലിം ലീഗ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. മുസ്ലിം ലീഗ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചയാളാണ് മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻറ് റിസാന സാബിർ. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് റിസാന സാബിറിനെതിരായ പരാതി.
റിസാനയെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതോടെയാണ് അവിശ്വാസ പ്രമേയം കൊണ്ട് വരാൻ തീരുമാനിച്ചത്. എന്നാൽ റിസാനക്കെതിരെ അവിശ്വാസം കൊണ്ട് വരുന്നതിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് കടുത്ത വിയോജിപ്പുണ്ട്. റിസാനക്കെതിരെ നടപടിയെടുക്കരുതെന്നും പകരം പ്രശ്ന പരിഹാരത്തിന് മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ജില്ലാ കമ്മിറ്റി നിലപാട്.
23 അംഗ മംഗൽപ്പാടി പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിക്ക് റിസാന ഉൾപ്പടെ 16 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇതിൽ മുസ്ലിം ലീഗിന് 14 സീറ്റുകളും കോൺഗ്രസിന് രണ്ട സീറ്റുകളുമാണ് ഉള്ളത്. മുസ്ലിം ലീഗ് അംഗങ്ങൾക്ക് പുറമെ കോൺഗ്രസ് അംഗങ്ങളും റിസാന സാബിറിനെതിരാണ്. ഇതോടെ അവിശ്വാസം പാസാകുമെന്ന് ഉറപ്പായി.