രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി തുടങ്ങി എട്ട് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എൻ ഐ എയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇരുന്നൂറോളം പോപ്പുലർ ഫ്രണ്ടുകാരെ കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് കർണാടകയിലാണ്. കർണാടകയിൽ നാൽപ്പത്തിയഞ്ച് പേരെയും, ഡൽഹിയിൽ മുപ്പതു പേരെയും, അസമിൽ നിന്ന് ഇരുപത്തിയൊന്ന് പേരെയും, ഗുജറാത്തിൽ പതിനഞ്ചുപേരെയും , മഹാരാഷ്ട്രയിൽ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിലായി 93 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നിരുന്നു. എൻ ഐ എയും എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ റെയ്ഡിൽ 106 പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിലായിരുന്നു. കേരളത്തിൽ നിന്ന് മാത്രം ഇരുപത്തിയഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ രാജ്യവിരുദ്ധ പ്രവർത്തങ്ങളുടെ രേഖകൾ കണ്ടെടുത്തതായി എൻ ഐ എ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചുവെന്ന ആരോപണം ഇഡിയും ഉന്നയിച്ചിരുന്നു. കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡിലാണ് ഇക്കാര്യമുള്ളത്. ബിഹാറിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന പിഎഫ്ഐ ഗൂഢാലോചന നടത്തിയത്. പ്രധാനമന്ത്രിക്ക് പുറമെ കേരളത്തിലെയും യുപിയിലെയും പ്രമുഖ നേതാക്കളെ വധിക്കാനും പിഎഫ്ഐ പദ്ധയിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു.
വ്യാഴാഴ്ചത്തെ റെയ്ഡിന് പിന്നാലെ പിഎഫ്ഐ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഹർത്താലിൽ ആക്രമണങ്ങൾ നടത്തിയ 1404 ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേരളാ പോലീസും റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും രാജ്യവ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നത്.