ആയുർ ദൈർഘ്യത്തിൻ്റെ കാര്യത്തിൽ അമേരിക്ക വീണ്ടും പിന്നോട്ട്. 2021ലെ പുതിയ റിപ്പോർട്ടുപ്രകാരം അമേരിക്കക്കാരൻ്റെ ആയുർദൈർഘ്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു വർഷം കുറവാണ്. അമേരിക്കയെ പിന്തള്ളി ചൈനയും ക്യൂബയും മുന്നേറുമ്പോൾ, സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങൾ സാമൂഹ്യസുരക്ഷയ്ക്കു നൽകുന്ന പ്രാധാന്യം ലോകം തിരിച്ചറിയുന്നു. മുതലാളിത്തത്തിൻ്റെ സ്വർഗഭൂമിയെന്ന് വാഴ്ത്തിപ്പാടുന്ന അമേരിക്ക പൗരൻ്റെ ആയുർദൈർഘ്യത്തിൽ ഇപ്പോൾ 53 രാജ്യങ്ങൾക്ക് പിറകിലാണ്.
2020ൽ 77 ആയിരുന്ന അമേരിക്കയുടെ ആയുർദൈർഘ്യമാണ് ഇപ്പോൾ 76.1ലേയ്ക്ക് ഇടിഞ്ഞത്. 1996 മുതലുള്ള കണക്കുകളിൽ ഏറ്റവും കുറഞ്ഞ നിലയാണിത്. 2 വർഷത്തിനുള്ളിൽ രണ്ടു വയസാണ് അമേരിക്കക്കാർക്ക് കുറയുന്നത്. 2019ൽ 78.8 ആയിരുന്നു അമേരിക്കയുടെ ആയുർദൈർഘ്യം. 1921-23 കാലത്തിനുശേഷം ആയുർദൈർഘ്യത്തിൽ ഇത്തരമൊരു പതനം അമേരിക്കയ്ക്ക് ഇതാദ്യമാണ്. 1950ൽ നിന്ന് 2021ലെത്തുമ്പോൾ അമേരിക്കയുടെ ആയുർദൈർഘ്യം 68.2ൽ നിന്ന് 76.1 ആയി മാത്രമാണ് ഉയർന്നത്. 71 വർഷം കൊണ്ട് കൂടിയത് 7.9 വയസ്.
അതേസമയം ക്യൂബയും ചൈനയും പട്ടികയിൽ മുന്നേറുകയാണ്. ഇതേ കാലയളവിൽ ക്യൂബ 57.6ൽ നിന്ന് 78.98 ആയി. 21 വർഷങ്ങൾ അധികം. ചൈനയും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 1950ൽ ചൈനക്കാരന്റെ ആയുർദൈർഘ്യം 43 വയസായിരുന്നെങ്കിൽ 2021ൽ 78.2 ആണ്. 35.2 വർഷത്തിൻ്റെ വർദ്ധന.
നയരൂപീകരണത്തിൽ ജനങ്ങളുടെ ജീവിതത്തിന് സോഷ്യലിസ്റ്റ് രാജ്യങ്ങൾ നൽകുന്ന പ്രാധാന്യമാണ് ഈ നേട്ടത്തിനു പിന്നിൽ. സോഷ്യലിസ്റ്റ് വിപ്ലവങ്ങൾക്കു ശേഷം രൂപപ്പെട്ട ഭരണസംവിധാനം പൊതുജനാരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉയർന്ന പ്രാധാന്യമാണ് നൽകിയത്. അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിൽ ഇങ്ങനെയൊരു മുൻകൈയും മുൻഗണനയുമില്ല.
തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കും നയരൂപീകരണത്തിലുള്ള പങ്കാളിത്തമാണ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ നേട്ടങ്ങൾക്കു പിന്നിൽ. ബാൾട്ടിമോറിലെയും ബാഴ്സലോണയിലെയും സർവകലാശാലകളിൽ പബ്ലിക് പോളിസി, പബ്ലിക് ഹെൽത്ത് വിഷയങ്ങളിൽ പ്രൊഫസറായ വിൻസന്റ് നവാരോ ഇക്കാര്യം ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു.
“ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങൾ ശക്തമായ പുനർവിതരണ നയങ്ങളും അസമത്വം കുറയ്ക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളി സൗഹൃദ ഭരണസംവിധാനം നിലവിലുള്ള രാജ്യങ്ങൾക്ക് അങ്ങനെയല്ലാത്തവയെ അപേക്ഷിച്ച് മെച്ചപ്പെട്ട പൊതു ആരോഗ്യസൂചകങ്ങളുണ്ട്. അമേരിക്കയുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി”.
സംഘടിതരായ തൊഴിലാളികൾക്ക് അമേരിക്കൻ ഭരണസംവിധാനത്തിൽ ഇടമില്ലെന്ന വസ്തുതയും നവാരോ ചൂണ്ടിക്കാട്ടുന്നു. കാബിനറ്റിലും സെനറ്റിലും അവരില്ല. പ്രതിനിധി സഭയിൽ വെറും 1.3 ശതമാനമായി അവരുടെ പ്രാതിനിധ്യം ചുരുക്കിയിരിക്കുന്നു. പ്രതിനിധികൾ മഹാഭൂരിപക്ഷവും കോർപറേറ്റ് ക്ലാസിലുള്ളവർ. തൊഴിലാളികൾക്ക് പങ്കാളിത്തമില്ലാത്ത നയരൂപീകരണ സഭകൾ ആരോഗ്യം പോലുള്ള സുപ്രധാന മേഖലകളിൽ സർക്കാരിൻ്റെ ചെലവ് ചുരുക്കുന്നു. എല്ലാം സ്വകാര്യവത്കരിക്കപ്പെടുമ്പോൾ, ചെലവ് താങ്ങാൻ വളരെ ഉയർന്ന വരുമാനക്കാർക്കു മാത്രമേ കഴിയൂ. ഇത് രാജ്യത്തിൻ്റെ ആയുർദൈർഘ്യത്തെ താഴേയ്ക്ക് പതിപ്പിക്കുന്നു.
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ ജനങ്ങളെ ഒരുമിപ്പിക്കുകയും നല്ല ലക്ഷ്യങ്ങൾക്കു വേണ്ടി ഒന്നിച്ചു മുന്നേറുകയും ചെയ്യുന്നു. ജനതയുടെ ഇത്തരം ഒരുമ മുതലാളിത്ത രാജ്യങ്ങൾക്ക് അന്യമാണ്. ആയുർദൈർഘ്യം പോലുള്ള ആരോഗ്യസൂചികകളിൽ ആ വ്യത്യാസമാണ് പ്രതിഫലിക്കുന്നത്.