കൊച്ചി : രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര എത്തുന്നതിന് തൊട്ടുമുമ്പ് മണ്ഡലം പ്രസിഡന്റ് ബിജെപിയിൽ ചേർന്നതിനു പിന്നാലെ എറണാകുളത്ത് അടുത്ത വിവാദം. ആലുവയിൽ യാത്രയെ സ്വീകരിക്കാൻ സ്ഥാപിച്ച ബാനറിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയാണ് കോൺഗ്രസുകാർ പുലിവാലു പിടിച്ചിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ സവർക്കറെ ഗാന്ധിജിയുടെ ചിത്രം വെച്ച് മറയ്ക്കുന്ന ദൃശ്യങ്ങളും പുറത്ത്.
ആലുവ മണ്ഡലത്തിലെ ചെങ്ങമനാട് പഞ്ചായത്തിൽ അത്താണിയിലെ ദേശീയപാതയോരത്താണ് വിവാദ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഗോവിന്ദ വല്ലഭ പന്തിൻ്റെയും ചന്ദ്രശേഖർ ആസാദിൻ്റെയും ചിത്രങ്ങൾക്കിടയിലാണ് സവർക്കറുടെ ചിത്രം. വീർ സവർക്കർ എന്നാണ് പേരു കൊടുത്തിരിക്കുന്നത്. കോൺഗ്രസിൻ്റെ ബ്ലോക്ക് മെമ്പറായ ദിലീപ് കപ്രശേരിയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചത് എന്നാണ് വിവരം.
ഫ്ലക്സിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് ഗാന്ധിജിയുടെ പടം വെച്ച് സവർക്കറെ മറച്ചത്. കോൺഗ്രസ് നടത്തുന്ന ജാഥയുമായി ബന്ധപ്പെട്ട ഫ്ലക്സിൽ, ഗാന്ധിജി വധക്കേസിൽ പ്രതിയായിരുന്ന സവർക്കറുടെ ചിത്രം ഉൾപ്പെട്ടതും വിവാദമായപ്പോൾ ഗാന്ധിജിയുടെ തന്നെ ചിത്രം വെച്ച് സവർക്കറെ മറച്ചതുമെല്ലാം ദേശീയതലത്തിൽത്തന്നെ പാർടിയ്ക്ക് നാണക്കേടാകും. ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകർക്കോ അണികൾക്കോ ഒരു ധാരണയുമില്ല എന്നതിൻ്റെ തെളിവായി ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെടും.
ആർഎസ്എസിൻ്റെ പ്രചരണ തന്ത്രങ്ങൾ കോൺഗ്രസ് അണികളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സവർക്കർ സ്വാഭാവികമായി കോൺഗ്രസുകാരുടെ പട്ടികയിൽ ഉൾപ്പെടുന്ന സാഹചര്യമുണ്ട്. മാത്രമല്ല, വീർ സവർക്കർ എന്ന് വിശേഷിപ്പിക്കാനും കോൺഗ്രസുകാർക്ക് മടിയുമില്ല. ആരും ചോദ്യം ചെയ്തില്ലെങ്കിൽ ആ പേര് കോൺഗ്രസുകാർ ഒഴിവാക്കുകയുമില്ല.
ഗാന്ധിജിയെയും സവർക്കറെയും ഒരുപോലെ കാണുന്ന രാഷ്ട്രീയ മാനസികാവസ്ഥയിലേയ്ക്ക് ചുരുങ്ങുകയാണ് കോൺഗ്രസ്. ആലുവയിലെ അത്താണിയിൽ സംഭവിച്ചത് ഒറ്റപ്പെട്ടതല്ല എന്ന് ജോഡോ യാത്ര കേരളം കടക്കുന്നതോടെ കൂടുതൽ വ്യക്തമാകും.