ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന ഗവർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിൻ്റെ ഭരണഘടനയാണ് നമുക്കെല്ലാം ബാധകം. അതനുസരിച്ച് ഗവർണറാണ് സംസ്ഥാനത്തിൻ്റെ തലവൻ. ഭരണ നിർവഹണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കേണ്ടത് എന്നാണ് ഭരണഘടനാ അനുശാസിക്കുന്നത്. ഗവർണർ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്വമില്ല. ആ ഉത്തരവാദിത്വം സർക്കാരിന്റേതാണ് എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1974 ലെ ഷംസീർ സിങ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ഗവർണർ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന് വ്യക്തമാക്കിയതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരു അവകാശവും ഇല്ല എന്നും ഈ കേസിൻ്റെ വിധിന്യായത്തിൽ വ്യക്തമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച സർക്കാരിയാ കമ്മീഷൻ 1988 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണർ പദവിയെ കുറിച്ച് പറയുന്നുണ്ട്. സജീവ രാഷ്ട്രീയയത്തിൽ ഇടപെടാത്ത ഒരാളാകണം എന്ന് ആ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രത്തിൻ്റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ പെരുമാറുന്ന സംഭവം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.
ഗവർണർ കേന്ദ്രഗവൺമെന്റ് ഏജന്റല്ല എന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഇത്തരം കോടതി വിധികൾ കാറ്റിൽ പറത്തുകയാണ്. അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രശംസയും സ്നേഹവും വാരിക്കോരി നൽകിയത് ആർഎസ്എസിനാണ്. ഗവർണർ സംഘടനകളിൽ നിന്ന് അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരം പദവികളിൽ ഇരുന്നുകൊണ്ട് താൻ ആർഎസ്എസ് പിന്തുണയുള്ള ആളാണെന്ന് ഊറ്റംകൊള്ളുന്നത് ശരിയാണോ എന്ന് ഗവർണറും ഗവർണറെ സഹായിക്കുന്നവരും വ്യക്തമാക്കണം.
ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച വിവിധ കമ്മറ്റികളും പറയുന്നതിൽ നിന്നും വിപരീതമായി ഗവർണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപചാപ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. 1986 മുതൽ തന്നെ തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1990 ൽ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയായിരുന്ന വി പി സിങ് സർക്കാരിനെ താഴെയിറക്കിയത് കോൺഗ്രസും ബിജെപിയും ചേർന്നാണ്. താൻ മന്ത്രിയായിരുന്ന സർക്കാരിനെ താഴെയിറക്കിയ ആർഎസ്എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് അദ്ദേഹം എന്ന് ഇതിലൂടെ വ്യക്തമാണ്.
1963 ൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ ആർഎസ്എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നേരിട്ട് പങ്കെടുപ്പിച്ചുവെന്നാണ് തൻറെ ആർ എസ് എസ് ബന്ധം ന്യായീകരിക്കാൻ അദ്ദേഹം പറഞ്ഞ ഒരു വാദം. ഇത് വസ്തുതാപരമാണോ? ആർഎസ്എസ് അത്തരത്തിൽ റിപ്പബ്ലിക്ക് ദിന പരേഡിൽ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? 2018 ൽ ഇന്ത്യടുഡേ നൽകിയ വിവരാവകാശ അപേക്ഷയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ രേഖാമൂലമുള്ള മറുപടിയാണ് ഇതിനുള്ള ഉത്തരം. ബിജെപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്, ആർഎസ്എസ് അത്തരമൊരു റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തതിൻറെ രേഖകൾ ലഭ്യമല്ല എന്നാണ്. സംഘപരിവാറിൻറെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ആർഎസ്എസിൻറെ സംഘടനാ ട്രെയിനിങ് പ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പുകൾ (ഓ.ടി.സി.).
ഒന്നും രണ്ടും മൂന്നും ഓടിസി കഴിഞ്ഞവരെയാണ് കേരളത്തിലെ പല കൊലപാതകക്കേസുകളിലും ശിക്ഷിച്ചിട്ടുള്ളത്. അത്തരം പരിശീലനം നടക്കുന്ന ഓ. ടി. സി. യിൽ ആറു തവണയോമറ്റോ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞെന്ന് ഊറ്റം കൊള്ളുകയുണ്ടായി കഴിഞ്ഞദിവസം ഗവർണർ. എന്തിനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇതിൽ പരം തെളിവുകൾ വേണോ?
മൂന്ന് വർഷം മുൻപ് കണ്ണൂർ ചരിത്ര കോൺഗ്രസ്സിൽ സംഭവിച്ച ഒരു കാര്യമാണ് അദ്ദേഹം വികാര വിക്ഷുബ്ധനായി കഴിഞ്ഞ ദിവസവും അവതരിപ്പിച്ചത്.
ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാൻ കൊണ്ടുവന്ന സി എ എ ക്കെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധമുയർന്ന ഘട്ടത്തിലാണ് ചരിത്ര കോൺഗ്രസ്സ് നടന്നത്. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേരളത്തിൻറെ പൊതുവികാരവും നിലപാടും കേന്ദ്രത്തിനെതിരാണ്. അന്നും ഇന്നും അതിൽ മാറ്റമില്ല. ഒറ്റക്കെട്ടായി ജനങ്ങൾ പ്രതിഷേധമുയർത്തുക മാത്രമല്ല, കേരള നിയമസഭ സി എ എ ക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തു.
ചരിത്ര കോൺഗ്രസ്സിൽ സി എ എ നിയമത്തിനനുകൂലമായി ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ ഉദ്ഘാടകൻറെ ഭാഗത്തുനിന്നും വന്നപ്പോഴാണ് അവിടെ ചില പ്രതിനിധികൾ പ്രതിഷേധിക്കുന്ന നിലയുണ്ടായത്. ഭരണഘടന സംരക്ഷിക്കാൻ ബാധ്യതയുള്ള വ്യക്തി അതിനുവിരുദ്ധമായി സംസാരിച്ചപ്പോഴാണ് അക്കാദമിക്ക് സമൂഹത്തിൽ നിന്നും പ്രതികരണമുണ്ടായത്.
ലോകം ആദരിക്കുന്ന ചരിത്രകാരൻ ഇർഫാൻ
ഹബീബിനെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസ്സുള്ള അദ്ദേഹം ഗവർണറെ വധിക്കാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്. കണ്ണൂർ
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ മുൻപ് ഇദ്ദേഹം ആവർത്തിച്ച് ക്രിമിനൽ എന്നാണ് വിളിച്ചത്. എന്ത് കൊണ്ടാണ് ഈ രണ്ടുപേർക്കെതിരെ ഇത്രയേറെ വിദ്വേഷത്തോടെ അദ്ദേഹം സംസാരിക്കുന്നത്? ആർ എസ് എസിൻറെ ‘വെറുക്കപ്പെട്ടവരുടെ’ പട്ടികയിലാണ് ഇർഫാൻ ഹബീബും ഗോപിനാഥ് രവീന്ദ്രനും എന്ന് തന്നെയാണുത്തരം.
ചരിത്രം വളച്ചൊടിച്ച് ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനും മധ്യകാല ചരിത്രത്തെ ആർഎസ്എസ്സിന് അനുകൂലമായി മാറ്റി എഴുതാനും സംഘപരിവാർ നിരന്തരം ശ്രമിക്കുകയാണ്. ഇതിനെ ചരിത്രത്തിൻറെ രീതിശാസ്ത്രമുപയോഗിച്ച് ചെറുത്ത വ്യക്തിയാണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറായിരുന്ന ഇർഫാൻ ഹബീബ്.
1998 ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ മുതൽ പാഠപുസ്തകങ്ങൾ കാവി വൽക്കരിക്കാനുള്ള ശ്രമങ്ങൾ വിപുലമായ തോതിൽ ആരംഭിച്ചു.
അതിനെതിരെ ഉജ്ജ്വലമായാണ് ഇർഫാൻ ഹബീബ് പോരാടിയത്. 1998 ലെ ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിൽ ആർഎസ്എസ് അജണ്ടയ്ക്കെതിരെ അദ്ദേഹം പ്രമേയം അവതരിപ്പിച്ചു.
ഹിന്ദുത്വ അജണ്ടയെ ഇർഫാൻ ഹബീബ് തുറന്നുകാട്ടി. 1986-90 കാലയളവിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ)ൻറെ ചെയർമാൻ ആയിരുന്നു ഇദ്ദേഹം. പിന്നീട് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൻറെ ജനറൽ പ്രസിഡൻറ് ആയി. എല്ലാ ഘട്ടത്തിലും സ്വാഭിപ്രായങ്ങളും ചരിത്ര വസ്തുതകളും തുറന്നു പറയാൻ നിർഭയം മുന്നോട്ടു വന്ന ആ ചരിത്രകാരനെ ആർ എസ് എസ് ശത്രുവായി കണ്ട് വേട്ടയാടുകയാണ് അന്ന് മുതൽ.
രാജ്യത്തെ ഏറ്റവും പ്രമുഖരായ ചരിത്രകാരൻമാരിലൊരാളാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ. 2013 ൽ രണ്ടാം യു പി എ സർക്കാർ നിയമിച്ച ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ)ൻറെ മെമ്പർ സെക്രട്ടറിയായിരുന്നു അദ്ദേഹം.
ബിജെപി 2014ൽ അധികാരത്തിൽ വന്നത് സമ്പൂർണമായ കാവി അജണ്ടയുമായാണ്. അത് നടപ്പാക്കി തുടങ്ങിയത് ഐസിഎച്ച്ആറിൽ നിന്നുമായിരുന്നു.
2015 മാർച്ചിൽ ഐസിഎച്ച്ആർ സ്ഥാപകദിന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യാൻ കൊണ്ടുവന്നത് അമേരിക്കൻ വംശജനും ആർഎസ് എസിന് പ്രിയങ്കരനുമായ തീവ്ര വലതുപക്ഷ വേദപ്രചാരകനായ ഡേവിഡ് ഫ്രാവ്ലിയെയായിരുന്നു. പ്രസംഗത്തിൽ അബദ്ധ ജടിലമായ ഒട്ടനവധി വാദങ്ങളാണ് ഫ്രാവ്ലി ഉയർത്തിയത്. ഈ അസംബന്ധ പ്രകടനത്തിനെതിരെ തൻറെ ഊഴത്തിൽ അക്കാദമികമായി വിയോജിപ്പ് പ്രകടിപ്പിച്ച ഡോ ഗോപിനാഥ് രവീന്ദ്രനെ സംഘപരിവാറുകാർ അന്ന് ആ പ്രഭാഷണവേദിയിൽ വെച്ച് അതിക്രൂരമായാണ് കയ്യേറ്റം ചെയ്തത്.
ഐസിഎച്ച്ആറിലെ കാവിവൽക്കരണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ 2015 ജൂണിൽ ഐസിഎച്ച്ആർ മെമ്പർ സെക്രട്ടറി സ്ഥാനം രാജി വെച്ചത്. ഇങ്ങനെ സംഘപരിവാർ അജണ്ടകൾക്കെതിരെ
വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്ന ചരിത്രകാരന്മാരെ സംഘപരിവാർ ആക്രമിക്കുന്നതിൽ പുതുമയോ അതിശയമോ ഇല്ല. ആ ആക്രമണത്തിൽ സ്വയം
ഒരായുധമായി മാറാൻ സംസ്ഥാന ഗവർണ്ണർ
പദവിയിൽ ഇരിക്കുന്ന ആൾക്ക് എങ്ങനെ കഴിയും
എന്നതാണ് ചോദ്യം.
രാജ്യത്തെമ്പാടും ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിൽ നടക്കുന്ന തർക്കത്തിലെ ഒരു പ്രധാന ഘടകം സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ ഗവർണറെ ചാൻസലർഷിപ്പിൽ നിന്നൊഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി അവിടുത്തെ നിയമസഭ കൊണ്ടുവരികയുണ്ടായി. അതിൽ ഗവർണർ ഇതുവരെയും ഒപ്പിട്ടിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ഗവർണറെ ചാൻസലർഷിപ്പിൽ നിന്നും ഒഴിവാക്കുന്ന നിയമം രാജസ്ഥാൻ സർക്കാർ പാസാക്കിയെങ്കിലും അവിടെയും ഗവർണർ ബില്ലിൽ ഒപ്പിട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകളിൽ നിന്നും
മനസിലാവുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കുക, അത് വഴി തങ്ങൾക്കാവശ്യമുള്ള ചരിത്രം ഇന്ത്യയിൽ തങ്ങളുടേതായ രീതിയിൽ നിർമ്മിച്ചെടുക്കുക എന്നതാണ് സംഘപരിവാറിൻറെ അജണ്ട. അതിൻറെ രാഷ്ട്രീയ പരീക്ഷണശാലകളാണ് അവരെ സംബന്ധിച്ചിടത്തോളം സർവ്വകലാശാലകൾ. രാജസ്ഥാനിൽ, തമിഴ്നാട്ടിൽ ,ബംഗാളിൽ എല്ലാം ഗവർണർമാരെ ഉപയോഗിച്ച് സർവകലാശാലകളിൽ സംഘപരിവാർ ബന്ധമുള്ള വിസിമാരെ നിയമിക്കാനാണ് ശ്രമം. അതിനാണ് നിരന്തരമായി സംസ്ഥാന സർക്കാരുകളുമായി അലോസരമുണ്ടാക്കുന്നത്.
ഏറ്റവുമൊടുവിൽ കേരള സർവകലാശാലയിൽ ഏകപക്ഷീയമായി വിസിയെ നിയമിക്കാൻ ശ്രമം നടക്കുന്നു. സംസ്ഥാന സർക്കാരിൻറെ ഖജനാവിൽ നിന്നുള്ള പണമുപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളെ പിൻസീറ്റ് ഡ്രൈവിംഗ് നടത്താനാണ് അവർ ശ്രമിക്കുന്നത്. ഇതിനെയാണ് ഇവിടെ എതിർക്കുന്നത്. ആർഎസ്എസിൻറെ രാഷ്ട്രീയ പരീക്ഷണശാലയാവാൻ സർവകലാശാലകളെ വിട്ടുകൊടുക്കണമോ? അതോ നെഞ്ചുവിരിച്ചു നിന്ന് പോരാടണമോ എന്ന സമസ്യയിൽ പോരാട്ടത്തിൻറെ വഴിയാണ് മതനിരപേക്ഷ സമൂഹം തെരഞ്ഞടുക്കുക.
കാസർകോട്ടെ കേന്ദ്രസർവകലാശാലയിൽ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതകളുള്ളവരെ മറികടന്ന് എ.ബി.വി.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡൻറിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി ഉണ്ടായത് ഓർക്കുന്നുണ്ടാവുമല്ലോ. സംഘപരിവാർ അവരുടെ അജണ്ട വിസിയിലൂടെ നടപ്പിലാക്കുന്നതിൻറെ ഉത്തമമായ ദൃഷ്ടാന്തമാണിതൊക്കെ.
ആദ്യം വിസിയെ നിശ്ചയിക്കുക, ആ വിസിയിലൂടെ സംഘപരിവാറുകാരെ സർവ്വകലാശാലകളിൽ കുത്തി നിറയ്ക്കുക എന്ന അജണ്ടയ്ക്ക് നിന്ന് കൊടുക്കാൻ കേരളത്തിൻറെ മത നിരപേക്ഷ മനസ്സിന് കഴിയില്ല.
ഞാൻ ഇത്രയും കാര്യങ്ങൾ ഇവിടെ പറഞ്ഞത് സംഘപരിവാർ സർവകലാശാലകളെയും അതിൻറെ ഉയർന്ന തലപ്പത്തുള്ള നിയമനങ്ങളെയും എത്ര മാത്രം തങ്ങൾക്കനുകൂലമാക്കി മാറ്റിയെടുക്കാൻ നീക്കം നടത്തുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ്.
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചു പറഞ്ഞ ഒരു കാര്യം സർക്കാർ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്നു എന്നതാണ്. അങ്ങനെ സമ്മർദം ചെലുത്തി അദ്ദേഹത്തിൽ നിന്ന് നേടിയെടുക്കേണ്ട അനർഹമായ ഏതെങ്കിലും കാര്യമോ താൽപര്യമോ സർക്കാരിനില്ല എന്ന് സംശയരഹിതമായി വ്യക്തമാക്കട്ടെ. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന കാര്യങ്ങൾ സർക്കാർ മുന്നോട്ടു വെക്കുമ്പോൾ, അതിന് അംഗീകാരം നൽകുക എന്ന ഉത്തരവാദിത്ത നിർവ്വഹണമാണ് ഗവർണ്ണറിൽ നിന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്.
താൻ ‘വായിച്ചു നോക്കിയിട്ടില്ല’ എന്ന് അദ്ദേഹം തന്നെ പറയുന്ന ബില്ലുകൾ, ‘ഒപ്പിടില്ല’ എന്ന് പ്രഖ്യാപിക്കുന്നത് നാം കേട്ടു. വായിച്ചു പോലും നോക്കാതെ ‘ഒപ്പിടില്ല’ എന്ന തീരുമാനത്തിലേക്ക് മുൻവിധിയോടെ എത്തുന്നത്, ഭരണഘടനയോടുള്ള ബഹുമാനത്തെയാണോ നിഷേധത്തെയാണോ കുറിക്കുന്നത് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതുണ്ട്.
കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ ആവർത്തിച്ച് പ്രതിപാദിക്കുകയുണ്ടായി. ഈ വിഷയം അദ്ദേഹം ചാൻസലർ എന്ന നിലയിൽ എടുത്ത തീരുമാനമാണ്. അദ്ദേഹം എടുത്ത തീരുമാനം കണ്ണൂർ സർവ്വകലാശാലാ നിയമത്തിലെ 10-ാം വകുപ്പിനനുസൃതവുമാണ്. പ്രസ്തുത വകുപ്പിൽ നിലവിലെ വൈസ് ചാൻസലറെ പുനർനിയമിക്കാൻ വ്യവസ്ഥയുണ്ട്. വൈസ് ചാൻസലറുടെ പുനർനിയമനം ഈ വ്യവസ്ഥയ്ക്ക് അനുസൃതമല്ല എന്ന് ചൂണ്ടിക്കാണിച്ച് ബഹു. ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ ക്വാവാറണ്ടോ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നു. ഹർജി തള്ളപ്പെട്ടു. ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹർജിക്കാർ അപ്പീൽ നൽകി. അതും തള്ളി. ഫലത്തിൽ കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലറുടെ പുനർനിയമനം ബഹു. ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്.
നമ്മുടെ ഭരണഘടനാ വ്യവസ്ഥയിൽ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണ്. ജുഡീഷ്യൽ റിവ്യൂ
ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗവുമാണ്. അതായത്, എക്സിക്യൂട്ടീവ് തീരുമാനത്തിൽ അപാകതയുണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് അത് അസാധുവാക്കാൻ ജുഡീഷ്യറിയെ സമീപിക്കാവുന്നതാണ്. പക്ഷെ, ജുഡീഷ്യൽ റിവ്യൂ കഴിഞ്ഞശേഷവും എക്സിക്യൂട്ടീവ് തീരുമാനം തെറ്റാണ് എന്ന് പറയുന്നത് ഭരണഘടനയോടും അതിൻറെ മൂല്യങ്ങളോടുമുള്ള ബഹുമാനത്തെയാണോ സൂചിപ്പിക്കുന്നത്?
അങ്ങനെ പറയുന്നത് ഭരണഘടനയെ സംരക്ഷിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്ത, ഒരു ഭരണഘടനാ പദവി വഹിക്കുന്ന ബഹുമാന്യനായ വ്യക്തിയാകുമ്പോൾ ഇതിൻറെ ഗൗരവം പലമടങ്ങ് വർദ്ധിക്കും.
ജനങ്ങൾ തെരഞ്ഞെടുത്ത സാമാജികർ അടങ്ങുന്ന നിയമസഭയിലാണ് ബില്ലുകൾ അവതരിപ്പിക്കുന്നതും ചർച്ച ചെയ്ത് വോട്ടിനിട്ട് പാസ്സാക്കുന്നതും. ബില്ലുകളുടെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ ഭരണപ്രതിപക്ഷ അംഗങ്ങൾ നടത്തിയശേഷമാണ് വോട്ടിനിട്ട് പാസ്സാക്കുന്നത്. ജനവികാരമാണ് നിയമസഭയിലൂടെ പ്രതിഫലിക്കുന്നത്. അങ്ങനെ പാസ്സാക്കപ്പെടുന്ന ബില്ലുകൾ സമർപ്പിക്കുന്നത് ഗവർണ്ണർക്കാണ്. അവ സമർപ്പിക്കപ്പെട്ടുകഴിഞ്ഞാൽ ഗവർണ്ണർ എന്തു ചെയ്യണമെന്ന് ഭരണഘടനയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അനുച്ഛേദം 200 പ്രകാരം അദ്ദേഹത്തിന് ബില്ലിന് അനുമതി നൽകുകയോ നൽകാതിരിക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയോ, അതുമല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ഭേദഗതികളോടെ ബില്ല് നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതിൽ അവസാനത്തെ മാർഗം സ്വീകരിച്ചാൽ വീണ്ടും നിയമസഭ ബിൽ പഴയ രൂപത്തിൽ തന്നെ പാസ്സാക്കിയാൽ അത് അംഗീകരിക്കാൻ ഗവർണ്ണർ ബാധ്യസ്ഥനാണ്.
ഇവിടെ മാധ്യമങ്ങൾക്കു മുന്നിൽ വന്ന് ചില പ്രത്യേക ബില്ലുകളിൽ ഒപ്പിടില്ല എന്ന് പ്രഖ്യാപിക്കുന്നത് ഭരണഘടനയ്ക്ക് അനുസൃതമാണോ? ഭരണപരമായ ഔചിത്യത്തിന് നിരക്കുന്നതാണോ? അനന്തമായി, അനിശ്ചിതമായി ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഭരണഘടന അനുവദിക്കുന്നു എന്നു പറഞ്ഞാൽ, അത് ഭരണഘടനാശിൽപ്പികളുടെ വീക്ഷണത്തിന് അനുസൃതമല്ല എന്നു പറയേണ്ടിവരും. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശാനുസരണം പ്രവർത്തിക്കുന്ന ജനാധിപത്യ വ്യവസ്ഥയിലെ ഗവർണ്ണർ കൊളോണിയൽ വ്യവസ്ഥയിലെ ഗവർണ്ണർമാരെപ്പോലെ ആകില്ല എന്ന ഉത്തമ വിശ്വാസമാണ് നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾക്ക് ഉണ്ടായിരുന്നത്.
1935ൽ ബ്രിട്ടീഷ് ഭരണം ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കുകയുണ്ടായി. അതിലെ 163-ാം വകുപ്പ് പ്രകാരം അന്നത്തെ പ്രവിശ്യകൾ കടമെടുക്കാനുള്ള അനുമതി ചോദിച്ചാൽ കാലവിളംബം കൂടാതെ അനുമതി നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, നമ്മുടെ ഭരണഘടനയിലെ 293-ാം അനുച്ഛേദത്തിൽ കാലവിളംബം കൂടാതെ എന്ന വ്യവസ്ഥ ഇല്ല. ഭരണഘടനാ നിർമ്മാണസഭയിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ, ജനാധിപത്യവ്യവസ്ഥയിൽ ഇങ്ങനെയൊരു വ്യവസ്ഥ ആവശ്യമില്ലല്ലോ എന്നാണ് ഉയർന്നുവന്ന അഭിപ്രായം.
അതിനർത്ഥം, ജനാധിപത്യവ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരുകൾക്ക് കൊളോണിയൽ വ്യവസ്ഥയിലെ പ്രവിശ്യകളുടെ സ്ഥാനമല്ല എന്നതാണ്. സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികത്തിൽ, അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഇന്നും കോളനി വാഴ്ചയിലെ പ്രവിശ്യകൾക്ക് തുല്യമാണ് നമ്മുടെ റിപ്പബ്ലിക്കിലെ സംസ്ഥാനങ്ങൾ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആ ധാരണ മാറ്റുന്നതാണ് ഉചിതം.
ഗവർണ്ണർ പദവി വഹിക്കുന്ന ആളിൻറെ വ്യക്തിത്വംഎന്തായിരിക്കണമെന്നതിനെക്കുറിച്ച് സർക്കാരിയാ കമ്മീഷൻ റിപ്പോർട്ട് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രഗത്ഭ നിയമ വിദഗ്ദ്ധൻ സോളി സോറാബ്ജി എഴുതിയ ഗവർണ്ണർ സേജ് ഓർ സബറ്റയർ എന്ന പുസ്തകത്തിലും ഗവർണ്ണറുടെ കർത്തവ്യങ്ങൾ എന്താണെന്നും ഗവർണ്ണറായി വരുന്നവർ ആരായിരിക്കണമെന്നതിനെക്കുറിച്ചും വിശദമായ അഭിപ്രായങ്ങളുണ്ട്. ഗവർണ്ണർ സംസ്ഥാനത്തിന് സ്വീകാര്യനായിരിക്കണമെന്നും അതേസമയം, രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന വ്യക്തിത്വമായിരിക്കണമെന്നുമാണ് ഭരണഘടനാ നിർമ്മാണസഭയിൽ ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടത്. ഭരണഘടനാ നിർമ്മാണ സഭയിലെ മറ്റ് അംഗങ്ങളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെ രാജ് ഭവനിലിരുന്ന് വിമർശിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുമെന്ന് ഭരണഘടനാ നിർമ്മാതാക്കൾ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ചുനൽകിയ ഭരണഘടനയെ പരിപാലിക്കാനും സംരക്ഷിക്കാനും സത്യപ്രതിജ്ഞയെടുത്ത വ്യക്തി ഇത് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.
അദ്ദേഹം ഉന്നയിച്ച വിമർശനങ്ങൾ തികച്ചും രാഷ്ട്രീയമാണ്. പാർലമെൻററി ജനാധിപത്യവ്യവസ്ഥയിൽ സർക്കാരിനെയും ഭരിക്കുന്ന കക്ഷിയെയും വിമർശിക്കാനുള്ള അവകാശവും കടമയും പ്രതിപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾക്കും ജനങ്ങൾക്കുമുണ്ട്. എന്നാൽ, സർക്കാരിൻറെ സഹായത്തോടും ഉപദേശത്തോടും കൂടി ഭരണഘടനാ ചുമതലകൾ നിർവ്വഹിക്കുന്ന ബഹുമാനപ്പെട്ട ഗവർണ്ണർ കേന്ദ്ര ഭരണകക്ഷിയുടെയോ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളുടെയോ ചുമതലകളാണോ നിർവ്വഹിക്കേണ്ടത്?
അദ്ദേഹം തന്നെയാണല്ലോ കഴിഞ്ഞ ദിവസം ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കത്തിടപാടുകൾ പുറത്തു വിട്ടത്. അത്ശരിയാണോ എന്ന ചോദ്യം ഞാനിപ്പോൾ ഉന്നയിക്കുന്നില്ല. അതിലെ ധാർമ്മികതയൊക്കെ വേറെ ചർച്ച ചെയ്യാം. എന്നാൽ, എന്ത് കൊണ്ടാണ് ആ കത്തുകളിലൊന്നും സർക്കാരിനെയോ മുഖ്യമന്ത്രിയെയോ നേരിയ അളവിൽ കുറ്റപ്പെടുത്താവുന്ന ഒരു വാക്കു പോലും ചൂണ്ടിക്കാണിക്കാൻ ഗവർണ്ണർക്കോ കത്തുകൾ കയ്യിൽ കിട്ടിയ മാധ്യമങ്ങൾക്കോ കഴിയാതെ പോയത്? അവിടെയാണ്, ഈ സർക്കാർ വഴിവിട്ട ഒരു കാര്യവും ഗവർണ്ണറോടാവശ്യപ്പെട്ടില്ല എന്ന് വ്യക്തമാവുക.
ഏതാനും ദിവസം മുൻപ് അദ്ദേഹം പറഞ്ഞത് മുഖ്യമന്ത്രി കത്തുകൾക്ക് മറുപടി അയക്കുന്നില്ല എന്നാണ്. ഇപ്പോൾ ചില കത്തുകളും മറുപടി കത്തുകളും അദ്ദേഹം തന്നെ പുറത്തുവിട്ടല്ലോ. കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി അയക്കുന്നില്ല എന്ന ആക്ഷേപത്തിന് ഇനി വേറെ മറുപടി വേണ്ടല്ലോ. ഏതായാലും കത്തുകൾക്ക് മറുപടി കിട്ടി എന്ന് ഇത്തരത്തിൽ സമ്മതിച്ചതിൽ സന്തോഷം.
ലോട്ടറിയും മദ്യവുമാണ് കേരളത്തിൻറെ മുഖ്യ വരുമാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന കൂടി നടത്തി അദ്ദേഹം. കേരളത്തിൻറെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ല. മദ്യത്തിൽ നിന്നും കൂടുതൽ വരുമാനം കിട്ടുന്ന ആദ്യത്തെ 10 സംസ്ഥാനങ്ങളിൽ കേരളമില്ല. കേരളത്തിലേത് സർക്കാർ സുതാര്യമായി നടത്തുന്ന ലോട്ടറിയാണ്. മാതൃകാപരമായി നടത്തുന്ന ലോട്ടറിയും പക്ഷേ കേരളത്തിൻറെ മുഖ്യ വരുമാന സ്രോതസ്സല്ല. അത് മനസിലാക്കാൻ അദ്ദേഹം തൻറെ മുന്നിലെത്തുന്ന ബഡ്ജറ്റ് ഡോക്യുമെൻറുകളിലൂടെ കണ്ണോടിച്ചു നോക്കുന്നത് നന്നാവും.
സർവകലാശാലകളെ കുറിച്ചാണല്ലോ അദ്ദേഹം കൂടുതലായി പറഞ്ഞു കൊണ്ടിരിക്കുന്നത്. കേരള സർവകലാശാലയ്ക്ക് എൻ.എ.എ.സിയുടെ ‘എ പ്ലസ് പ്ലസ്’ കിട്ടിയത്, കാലിക്കറ്റ് സർവകലാശാലക്ക് എ പ്ലസ് കിട്ടിയത, എം ജി സർവകലാശാലയ്ക്ക് എ ഗ്രേഡ് ലഭിച്ചത് ഇതൊന്നും ഉന്നത വിദ്യാഭ്യാസമേഖലയുടെ പുരോഗതി അല്ലേ? അതിലല്ലേ അദ്ദേഹം അഭിമാനം കൊള്ളേണ്ടത്.
കേരളം വ്യത്യസ്ത തലങ്ങളിൽ മുന്നേറുന്ന നാടാണ്. നമ്മുടെ വികസനമാതൃക രാജ്യത്തും രാജ്യത്തിന് പുറത്തും പ്രശംസിക്കപ്പെടുന്നതാണ്. നീതി ആയോഗ് അടക്കം അംഗീകരിച്ചിട്ടുള്ളതാണ്. അതിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇകഴ്ത്തിക്കാണിക്കാൻ സംഘപരിവാർ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ആ ശ്രമം ഈ നാടിൻറെ പുരോഗതിയെ തകർക്കാൻ ഉള്ളതാണ്. ‘എൻറെ ഗവൺമെൻറ്’ എന്ന് പറയാൻ അർഹതയുള്ള പദവിയിലിരിക്കുന്ന വ്യക്തി അത്തരം തെറ്റായ സമീപനക്കാരുടെ അനുഭാവി പോലും ആകുന്നത് എത്രമാത്രം അപകടകരമാണ് എന്ന് ആലോചിക്കേണ്ടതാണ്.
സർക്കാരിനെതിരെ മാത്രമാണോ ഈ ആക്രമണം? അത് ഫലത്തിൽ ജനങ്ങൾക്കും നാടിൻറെ പുരോഗതിക്കും എതിരായി മാറുകയല്ലേ.
ഇവിടെ കാലികമായ ഒരു വിഷയം കൂടി സൂചിപ്പിക്കേണ്ടതുണ്ട്.
പൗരത്വ ഭേദഗതി വിഷയത്തെ വീണ്ടും പൊടി തട്ടിയെടുക്കാനാണ് സംഘപരിവാറിൻറെ ശ്രമം. ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവുകൂടിയായ ബിജെപി നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് പൗരത്വ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടത്. മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞതാണിത്. കോവിഡ്
ബൂസ്റ്റർ ഡോസ് പ്രക്രിയ പൂർത്തീകരിച്ചു കഴിഞ്ഞാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ പശ്ചാത്തലത്തിൽ, കണ്ണൂർ ചരിത്ര കോൺഗ്രസ് വിഷയം സാന്ദർഭികമായല്ലാതെ ഉദ്ധരിക്കുന്നത് നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഈ വിഷയത്തിൽ ഒറ്റക്കാര്യമേ പറയാനുള്ളൂ. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന ഈ നിയമം കേരളത്തിൽ നടപ്പാവില്ല. ഇത് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പൗരത്വ നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. ഇടതുപക്ഷം ഇവിടുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണിൽ നടപ്പാവില്ല.
വൈദേശിക ആശയം എന്ന പ്രയോഗം അദ്ദേഹം ആവർത്തിക്കുന്നത് കേട്ടു. ഹോമോ സാപ്പിയൻസ് എന്ന നമ്മളൊക്കെ ഉൾപ്പെട്ട ആധുനിക മനുഷ്യഗണം ഭൂമിയിൽ ഉടലെടുക്കുന്നത് ഏകദേശം മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ ആണെന്നാണ് ശാസ്ത്രകാരന്മാരുടെ നിഗമനം. പിന്നീട് മറ്റു ഭൂഖണ്ഡങ്ങളിലേയ്ക്ക്കൂടി ചേക്കേറുകയും പതുക്കെ ലോകം മുഴുവൻ വ്യാപിക്കുകയും ആണത്രേ ചെയ്തത്. മനുഷ്യരുടെ ഒരിക്കലും അവസാനിക്കാത്ത യാത്രകളുടേയും ചേക്കേറലുകളുടേയും ചരിത്രമാണ് നമ്മളിന്നു കാണുന്ന ലോകത്തെ നിർമ്മിച്ചത്. ഭൂമിയിലെ ഓരോ ഭൂപ്രദേശത്തിൻറെയും ചരിത്രമതാണ്. അങ്ങനെയാണ് നമ്മളിന്നു ജീവിക്കുന്ന നമ്മുടെ രാജ്യവും നമ്മുടെ ഈ നാടുമൊക്കെ ഉണ്ടായത്. ഒരു രാജ്യവും ഒരു സംസ്കാരവും ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ല.
സഹസ്രാബ്ദങ്ങൾ നീണ്ട ആ ചരിത്രം നമുക്ക് മുൻപിലുണ്ട്. പല ഭൂഭാഗങ്ങളിൽ നിന്നു വിരുന്നുവന്ന് അറിവും സംസ്കാരവും കൊണ്ടും കൊടുത്തും പോയവരുണ്ട്. ഇവിടെ ചേക്കേറി പാർപ്പായവരുണ്ട്. നൂറ്റാണ്ടുകൾ നീണ്ട ദീർഘമായ ഈ കൊടുക്കൽ വാങ്ങലുകളുടെ സൃഷ്ടിയാണ് നമ്മുടെ ഭക്ഷണവും ഭാഷയും വസ്ത്രവും ജീവിത രീതിയും ജീവിത വീക്ഷണവുമെല്ലാം. ഈ സത്യമുൾക്കൊണ്ടാൽ തീരാവുന്നതേയുള്ളൂ വംശീയതയും ദേശീയതയും പ്രാദേശികതയും തുടങ്ങിയവയെ ചുറ്റിപ്പറ്റി ചിലരൊക്കെ പുലർത്തുന്ന അത്യന്തം സങ്കുചിതമായ ചിന്താഗതികൾ. ഈ വിദ്വേഷ ചിന്താഗതിയാണ് സംഘപരിവാറിനെപ്പോലെ ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര
അടിത്തറ.
കമ്മ്യൂണിസം വിദേശത്തു നിന്നു കടത്തിയ ആശയമാണെന്നാണ് അദ്ദേഹത്തിൻറെ പരാതി. അങ്ങനെയാണെങ്കിൽ ഇന്നു ഈ രാജ്യത്തു നില നിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഉത്ഭവം എവിടെയാണ്? അതും വന്നത് യൂറോപ്പിൽ നിന്നാണ്. അതെങ്ങനെയാണ് വന്നത്? രക്തരൂക്ഷിതമായ അടിച്ചമർത്തലിൻറെയും അധിനിവേശത്തിൻറെയും കൊള്ളയുടേയും നൂറ്റാണ്ടുകൾ നീണ്ട ചരിത്രമാണ് ഇന്ത്യയ്ക്ക് മുതലാളിത്തവും സാമ്രാജ്യത്വവും സമ്മാനിച്ചിട്ടുള്ളത്. ആ അധിനിവേശത്തിനും ചൂഷണത്തിനുമെതിരെ നടത്തുന്ന ഇന്നും തുടരുന്ന സമരത്തിൻറെ അഭിമാനകരമായ ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർക്കുള്ളത്. അതുൾക്കൊള്ളാൻ അതേ സാമ്രാജ്യത്വത്തിൻറെ തിണ്ണയിൽ മാപ്പിരക്കാനായി നിരങ്ങിയ പ്രത്യയശാസ്ത്ര ബോധ്യത്തിനു സാധിക്കില്ല എന്നത് നാം കാണണം.
പത്രസമ്മേളനത്തിനായി ഒരു വൈദേശിക ഭാഷയെ ആശ്രയിക്കേണ്ടി വരുന്നു എന്ന ചിന്ത പോലും അദ്ദേഹത്തിനില്ല എന്നത് കൗതുകകരമാണ്. ഗവർണർ എന്ന തൻറെ പദവിയെ താങ്ങി നിർത്തുന്ന പാർലമെൻററി ഡെമോക്രസി, ക്യാബിനറ്റ് ഫോം ഓഫ് ഡെമോക്രസി എന്നിവയെല്ലാം വിദേശത്ത് നിന്നും കടം കൊണ്ട ആശയങ്ങളാണ് എന്നതും അദ്ദേഹം മറന്നു പോയിരിക്കുന്നു. അതോ വിദേശത്ത് നിന്നും വന്നതുകൊണ്ട് ഇതൊന്നും അംഗീകരിക്കില്ല എന്ന നിലപാടാണോ. അങ്ങനെയെങ്കിൽ അത് ഏകാധിപത്യ ബോധത്തിൻറെ പ്രതിഫലനമാണെന്നു വേണം കാണാൻ.
ഭരണഘടനയാണ് ഈ രാജ്യത്തിൻറെ സത്ത. നൂറു കണക്കിനു നാട്ടു രാജ്യങ്ങളായും ബ്രിട്ടീഷ് ഭരണപ്രദേശങ്ങളായും ചിതറിക്കിടന്നിരുന്ന അതിവിശാല ഭൂപ്രദേശമാണിത്. അതിൻറെ കണ്ണഞ്ചിക്കും വിധം വൈവിധ്യമാർന്ന സംസ്കാരങ്ങളേയും ഉപദേശീയതകളേയും ഒക്കെ ചേർത്തു നിർത്തി ഒരൊറ്റ ഇന്ത്യയാക്കുന്നത് നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടനയുടെ ആമുഖം പറയുന്നത്, ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനെക്കുറിച്ചാണ്. അത്തരത്തിൽ ഈ രാജ്യത്തെ നിലനിർത്താനാണ് നമ്മളെല്ലാം പ്രവർത്തിക്കുന്നത്. അല്ലാതെ ആ സത്തയെ തകർക്കാനായി വർഗീയതയുടേയും വിദ്വേഷത്തിൻറെയും രാഷ്ട്രീയം പ്രസരിപ്പിക്കാനല്ല.
ജനങ്ങളും ഈ നാടുമാണ് സർക്കാരിൻറെ പരിഗണനാ വിഷയങ്ങൾ. അതല്ലാതെ ഏറ്റുമുട്ടലല്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അത് പ്രകടിപ്പിക്കാനും പരിഹരിക്കാനും ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുശാസിക്കുന്ന
രീതികൾ ഉണ്ട്. ആ സാധ്യതകളാണ് ഉപയോഗിക്കേണ്ടത് എന്നാണ് ആവർത്തിച്ചു വ്യക്തമാക്കാനുളളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.