ന്യൂ ദൽഹി: ബിജെപി ഇതര കക്ഷികളെ ഒന്നിപ്പിച്ച് മഹാഗഡ്ബന്ധൻ സഖ്യം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്ന ചടുലമായ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് വിജയസാധ്യതയേറുന്നു. പ്രതിപക്ഷത്തെ പ്രധാനകക്ഷികളുടെ നേതാക്കളുമായി അദ്ദേഹം ഒരുവട്ടം കൂടിക്കാഴ്ച പൂർത്തി. രാഹുൽ ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കെജ്റിവാൾ, മുലായം സിംഗ്, ലാലു പ്രസാദ് യാദവ്, ഓം പ്രകാശ് ചൗതാല, അഖിലേഷ് യാദവ്, ശരദ് യാദവ് എന്നിവരെയാണ് സഖ്യവിപുലീകരണത്തിന്റെ ഭാഗമായി നിതീഷ് സന്ദർശിച്ചത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ ഒരു മഹാസഖ്യം രൂപപ്പെടുത്തുകയാണ് നിതീഷിന്റെ ലക്ഷ്യം.
ബിജെപിയോട് സലാം പറഞ്ഞ് എൻഡിഎ വിട്ടതോടെ, രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനുള്ള ശ്രമങ്ങൾ നിതീഷ് ആരംഭിച്ചിരുന്നു. ബിഹാറിലെ മഹാഗഡ്ബന്ധൻ സർക്കാർ വിശ്വാസ വോട്ടു തേടിയതിനു പിന്നാലെ ദക്ഷിണേന്ത്യയിലെ ബിജെപി ഇതര കക്ഷികളുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ പാട്നയ്ക്കു ക്ഷണിച്ചുകൊണ്ടാണ് നിതീഷ് ദേശീയ രാഷ്ട്രീയത്തിലെ നിർണായകമായ ഇടപെടലുകൾക്ക് തുടക്കമിട്ടത്. തുടർന്ന് അദ്ദേഹം ശരത് പവാറിനെ സന്ദർശിച്ചു. മമത ബാനർജി, ഉദ്ധവ് താക്കറെ, ജഗ്മോഹൻ റെഡ്ഡി എന്നിവരുമായി ഉടൻ ചർച്ചകൾ നടത്തുമെന്നാണ് സൂചന.
പരസ്പരം പോരടിച്ചു നിൽക്കുന്ന പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിച്ചു നിർത്താൻ നിതീഷിന്റെ ശ്രമങ്ങൾക്കു കഴിയുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. കാരണം, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് താനില്ല എന്ന് ആദ്യമേ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
“പ്രതിപക്ഷ പാർടികളുടെ ഐക്യം ശക്തിപ്പെടുത്തുക മാത്രമാണ് എന്റെ ലക്ഷ്യം. ഞാൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ല, എനിക്കാ മോഹവുമില്ല. പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തുകയാണ് എന്റെ ലക്ഷ്യം. അതു സംഭവിച്ചാൽ 2024ൽ നമുക്ക് ഗംഭീരവിജയം നേടാൻ കഴിയും” – നിതിഷ് കുമാർ നിരന്തരം മാധ്യമങ്ങളോട് ഇങ്ങനെ വ്യക്തമാക്കുന്നു.
ഇത് പറയുക മാത്രമല്ല, ഇക്കാര്യം വ്യക്തമാക്കി ജനതാദൾ (യുണൈറ്റഡ്) നാഷണൽ എക്സിക്യൂട്ടീവ് പ്രമേയം പാസാക്കുകയും ചെയ്തു. വ്യക്തിപരമായ അജണ്ടകളില്ല എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതുകൊണ്ട്, പ്രതിപക്ഷ നേതാക്കളുമായി ഊഷ്മളമായ കൂടിക്കാഴ്ചയ്ക്ക് നിതീഷിന് കഴിയുന്നുണ്ട്. പ്രധാനമന്ത്രി മോഹം പരസ്യമായി കൊണ്ടുനടക്കുന്ന മമത, കെജ്റിവാൾ, കെ ചന്ദ്രശേഖർ റാവു എന്നിവർക്കൊന്നും പ്രതിപക്ഷ ഐക്യം എന്ന ആശയത്തിന്മേൽ നിതീഷുമായി ചർച്ച നടത്താൻ നിലവിൽ പ്രശ്നങ്ങളില്ല. അതുകൊണ്ടാണ് നിതീഷിന്റെ ശ്രമങ്ങൾക്ക് വിശ്വാസ്യതയും പ്രതീക്ഷയുമേറുന്നത്.
എല്ലാ കാര്യങ്ങൾക്കും വ്യക്തമായ ആസൂത്രണവും കാഴ്ചപ്പാടും നിതീഷിനുണ്ട്. മോദിയെ പേരെടുത്തു പറഞ്ഞ് വിമർശിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പകരം ശക്തമായ വിഷയങ്ങൾക്കു മേൽ പൊതുജനാഭിപ്രായം രൂപീകരിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, സാമ്പത്തികമുരടിപ്പ്, അനുദിനം ആപൽക്കരമാകുന്ന വലതുപക്ഷ വർഗീയത, നിഷ്ഠുരമായ ഏകാധിപത്യഭരണത്തിന്റെ ദുരന്തങ്ങൾ, പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും അവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നത് എന്നിവയൊക്കെയാണ് അദ്ദേഹം ഉയർത്തിക്കൊണ്ടു വരുന്ന വിഷയങ്ങൾ. മോദിയെന്ന വ്യക്തിയെ ഒഴിവാക്കി, ഇന്ത്യാക്കാരുടെ ജീവൽപ്രശ്നങ്ങളെ ഉയർത്തിപ്പിടിക്കുക എന്നതാണ് നിതീഷിന്റെ പ്രചരണ തന്ത്രം. പതിയെപ്പതിയെ ഈ പ്രശ്നങ്ങളോട് പ്രതികരിക്കാൻ ബിജെപിയും മോദിയും നിർബന്ധിതരാകും. അതുതന്നെയാണ് നിതീഷിന്റെ ലക്ഷ്യവും.
ബിഹാറിലെ എൻഡിഎ സഖ്യത്തിൽ നിന്നുള്ള നിതീഷിന്റെ വേർപിരിയൽ, ബിജെപിയ്ക്കെതിരെയുള്ള മഹാസഖ്യത്തിന്റെ രൂപീകരണത്തിൽ നിർണായകമാവുകയാണ്. മതനിരപേക്ഷ ആശയങ്ങൾക്ക് മേൽക്കൈയുള്ള സ്ഥിതിയിലേയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിതിരിച്ചു വിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ കക്ഷികളും.