ദില്ലി: ആം ആദ്മി സര്‍ക്കാരും ബിജെപിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. ദില്ലിയിലെ അഴിമതിയുടെ ട്വിൻ ടവർ ആണ് മദ്യനയവും വിദ്യാഭ്യാസ വകുപ്പിലെ അഴിമതിയുമെന്ന് ബിജെപി. ബിജെപി വക്താവ് ഷെഹസാദ് പുനാവാലയാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ബിജെപിയുടെ ചോദ്യങ്ങൾക്ക് ഇപ്പോഴും കെജ്രിവാളിന് മറുപടി ഇല്ലെന്നും ഷെഹസാദ് പുനാവാല ആരോപിച്ചു. അതേ സമയം ദില്ലി ഉപമുഖ്യമന്ത്രി മനീസ് സിസോദിയയുടെ ബാങ്ക് ലോക്കര്‍ ഇന്ന് സിബിഐ പരിശോധിക്കും. മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണിത്. 14 മണിക്കൂർ വീട്ടിൽ റെയ്ഡ് നടത്തിയിട്ടും ഒന്നും കിട്ടാത്ത സിബിഐക്ക് ലോക്കറിൽ നിന്നും ഒന്നും കിട്ടില്ലെന്ന് സിസോദിയ പറഞ്ഞു.
അന്വേഷണ സംഘത്തിന് സ്വാഗതം, താനും കുടുംബവും അന്വേഷണത്തോട് സഹകരിക്കും എന്നും ദില്ലി ഉപമുഖ്യമന്ത്രി മനീസ് സിസോദിയ പറഞ്ഞു. പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ ഗാസിയാബാദ് ശാഖയിലെ ലോക്കറാണ് സിസോദിയയുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ പരിശോധിക്കുന്നത്.