ബിജു മുത്തത്തി
ഓരോ അണുവിലും പാർട്ടിയാണ് സഖാവ് എംവി ഗോവിന്ദൻ മാഷ്
പാർട്ടി ഭാഷയാണ്
പാർട്ടി സംസ്കാരമാണ്
പാർട്ടി ചിന്തയാണ്
പാർട്ടി ശരീരം പോലുമാണ്.
ക്ലാസിക്ക് മാർക്സിസത്തെക്കുറിച്ചുള്ള
ക്ലാസെടുപ്പിലെ സൈദ്ധാന്തിക കൃത്യതയുടെ ചൂരലെടുത്തു നിൽക്കുന്ന മാഷ്. നിത്യജീവിത രാഷ്ട്രീയത്തിൽ ഭൂമിയോളം അലിവുള്ള ഒരു
തൊഴിലാളി പ്രവർത്തകൻ.
വളരെ എളിയ കർഷകത്തൊഴിലാളിയുടെ മകൻ.
അതുകൊണ്ട് തന്നെ തൊഴിലാളി, തൊഴിലാളി രാഷ്ടീയം തുടങ്ങിയ പരികൽപ്പനകളുടെ ശക്തിയും വ്യാപ്തിയും ധ്വനനശേഷിയും അതിന്റെ ആഴത്തിലറിയുന്ന നേതാവ്.
നിലപാടുകളുടെ ആൾരൂപം. നിലപാടുകൾ കൊണ്ട് നയിക്കുന്നു. നിലപാടുകൾ കൊണ്ട് നിവർന്നു നിൽക്കുന്നു. നിലപാടുകൾ കൊണ്ട് പടവെട്ടുന്നു.
അതുകൊണ്ട് എംവി ഗോവിന്ദൻ മാഷിന്റെ വാക്കുകളിൽ വൻ തലക്കെട്ടുകളുണ്ടാവില്ല. അസാധ്യ രസികത്വമുണ്ടാവില്ല. ഉപമകളും പഴമ്പുരാണങ്ങളുമുണ്ടാവില്ല.
ആലങ്കാരികത ഒട്ടുമേയുണ്ടാവില്ല.
പക്ഷേ അവ്യക്തതയുണ്ടാവില്ല; വാക്കിലും പ്രവർത്തിയിലും.
അഭിനയങ്ങളുമുണ്ടാവില്ല.
മാധ്യമങ്ങൾ സൃഷ്ടിച്ച നേതാവേ അല്ലെന്നതാണ് വലുപ്പം.
മാധ്യമ പരിചരണവും ഒട്ടുമേ ലഭിച്ചിട്ടില്ല.
മാധ്യമങ്ങളുടെ ചതിഫ്രെയിമുകൾ തീരെ വഴങ്ങുകയുമില്ല.
മനുഷ്യരോടും മാധ്യമപ്രവർത്തകരോടും എന്ന മട്ടിൽ രണ്ട് ഭാഷയുമില്ല.
ഇപ്പോഴത്തെ അളിഞ്ഞ ചാനൽച്ചർച്ചാ രീതികളും അറിയില്ല. വളരെ സേഫായ കൈരളിയുടെ സ്റ്റുഡിയോയിൽ നിന്നു പോലും മാഷ് ക്ഷുഭിതനായി ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ട്.
പാർട്ടി മൈതാനങ്ങളാണ് മാഷുടെ ഏറ്റവും സംതൃപ്തമായ കളിസ്ഥലം. പാർട്ടി പ്രസംഗപീഠത്തിൽ കയറുമ്പോൾ ഇതുപോലെ പ്രസന്നനായി നിൽക്കുന്ന വേറെ നേതാവിനെയും കണ്ടിട്ടില്ല.
കൊലക്കയറിൽ നിന്നിറങ്ങിവന്ന മൊറാഴയുടെ സമരധീരതയും സാഹസികതയും തന്റേടവുമാണ് പാരമ്പര്യം. അടിയന്തരാവസ്ഥാക്കാലത്തെ അടിതടകളും തടവറുകളുമാണ് അനുഭവക്കരുത്ത്.
വർത്തമാനത്തിലെന്ന പോലെ ചരിത്രത്തിലും പോരാട്ടത്തിന്റെ കനൽക്കട്ട.
പാർട്ടിയുടെ പഴയ റെഡ് വളണ്ടിയർ ക്യാപ്റ്റനായിരുന്നു മാഷ്. പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ കണ്ടിട്ടുണ്ട്. സഖാവ് എംപി നാരായണൻ നമ്പ്യാർക്ക് ശേഷം ആ വേഷം അത്രയേറെ ശരീരത്തോട് ചേർന്നു നിൽക്കുന്ന വേറൊരാളെയും കണ്ണൂർ കണ്ടിട്ടില്ല.
ശരീരത്തിൽ നിന്നല്ലാതെ നടപ്പിൽ നിന്ന് മാഷ് അതഴിച്ചുവെച്ചിട്ടുമില്ല.
എംവിആറിന് ശേഷം കണ്ണൂരിന്റെ മഞ്ഞ കൈത്തറി മുണ്ടിനെയും പ്രശസ്തനാക്കിയത് എംവി ഗോവിന്ദൻ മാഷാണ്. സഖാവ് പി കൃഷ്ണപ്പിള്ള വന്നു നയിച്ച കണ്ണൂരിലെ നെയ്ത്തു തൊഴിലാളികളുടെ പോരാട്ട ചരിത്രത്തിന്റെ നിറമാണത്.
അങ്ങനെ ചരിത്രത്തിന്റെ അനവധി മാറ്റൊലികൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന നേതാവ്. വർത്തമാനച്ചുമതല കേരളത്തിലെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി.