മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു. കോൺഗ്രസിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന ഗുലാം നബി ആസാദ് പ്രാഥമിക അംഗത്വവും രാജിവെച്ചു. കോൺഗ്രസിന്റെ ദേശീയ മുഖമായിരുന്ന ഗുലാം നബി ആസാദ് ദീർഘ നാളായി ഔദ്യോഗിക നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ജമ്മുകശ്മീർ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക നേതൃത്വവും ഗുലാം നബി ആസാദും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഗുലാം നബി ആസാദിൻ്റെ പ്രസ്താവനയെ തള്ളി ദേശീയ നേതൃത്വം രംഗത്ത് വന്നിരുന്നു.
വലിയ ഹൃദയ വേദനയോടെയാണ് ഞാൻ അരനൂറ്റാണ്ട് കാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതെന്ന് ഗുലാം നബി ആസാദ് രാജിക്കത്തിൽ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. കോൺഗ്രസിലെ തിരുത്തൽ വാദികളായ ജി-23 നേതാക്കളിൽ പ്രമുഖനായ ഗുലാം നബി ആസാദിനെ നേരത്തെ സംഘടനയിൽ നിന്ന് കോൺഗ്രസ് തരം താഴ്ത്തിയിരുന്നു.
മൻമോഹൻ സിങ് മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിൻ്റെ ഏഴാമത്തെ മുഖ്യമന്ത്രിയായിരുന്നു. രാജ്യസഭയിലെ കോൺഗ്രസ് പാർട്ടി നേതാവായിരുന്നു. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
നേരത്തെ ജി-23 നേതാവായിരുന്ന കപിൽ സിബലും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. കോൺഗ്രസ് ഗാന്ധി കുടുംബത്തിൽ മാത്രമായി ഒതുങ്ങുന്നതിനെതിരെ കടുത്ത അമർശത്തിലായിരുന്നു ജി-23 നേതാക്കൾ. കോൺഗ്രസ് തെറ്റുകൾ തിരുത്തുമെന്ന് ഞാൻ ചിന്തിച്ചു. എന്നാൽ കോൺഗ്രസ് ഒരിക്കലും മാറില്ലെന്നും. തകർച്ചയിലേക്കാണ് കോൺഗ്രസ് പോകുന്നതെന്നും രാജിവെച്ചുകൊണ്ട് കപിൽ സിബൽ വ്യക്തമാക്കിയിരുന്നു. 2024 ൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാക്കുന്നുണ്ട്.