ആലപ്പുഴ ചെങ്ങന്നൂരില്‍ ശോഭായാത്ര സമാപനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് മണ്ഡല് ആഘോഷ് സഹപ്രമുഖിന് കുത്തുകൊണ്ട സംഭവത്തില്‍ ആര് എസ് എസുകാര്‍ക്കെതിരെ കേസ്. വെണ്മണി പൊലീസാണ് കേസെടുത്തത്. ആഘോഷ് പ്രമുഖ് ചെറുവല്ലൂര്‍ ചെമ്പരത്തിയില്‍ എം മിഥുന്, സഹോദരന് എം ജിതിന്, അച്ഛന് മധു കുട്ടന്‍പിള്ള എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ചെറിയനാട് കൊച്ചുതാംപള്ളില് രതീഷ് കുമാറിനാണ് (38) കുത്തേറ്റത്. രതീഷിന്റെ അച്ഛന് മോഹനന്‍പിള്ളയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ചെറിയനാട് ചെറുവല്ലൂര്‍ ക്ഷേത്ര ജങ്ഷനിലാണ് സംഘര്‍ഷമുണ്ടായത്. മിഥുനും രതീഷും തമ്മില്‍ ഭാരവാഹിത്വം സംബന്ധമായ വിഷയത്തില്‍ നേരത്തെ വാക്കേറ്റം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് രാത്രി മദ്യപിച്ചെത്തിയ മധു കുട്ടന്‍പിള്ളയും മിഥുനും ജിതിനും ചേര്‍ന്ന് ജങ്ഷന് സമീപം പലചരക്കുകട നടത്തുന്ന മോഹനന്‍പിള്ളയെ കടയില്‍ കയറി ആക്രമിച്ചു.
മര്‍ദ്ദനത്തെ തുടര്‍ന്ന് മോഹനന്‍പിള്ളയ്ക്ക് ബോധം നഷ്ടപ്പെട്ടു. ഇതുകണ്ട് ഓടിവന്ന രതീഷിനെ മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും മധു കുട്ടന്‍പിള്ള കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തുതടഞ്ഞ രതീഷിൻ്റെ വിരലുകള്‍ മുറിഞ്ഞു. നാലു തുന്നലുണ്ട്.