വിഴിഞ്ഞം തുറമുഖ സമരത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനുമായാണ് സമരക്കാര്‍ ചര്‍ച്ച നടത്തുന്നത്. വികാര്‍ ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലുള്ളവരുമായി ഫിഷറീസ് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുന്നത്.
തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉള്‍പ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നല്കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനമാണ്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് മുഖം തിരിക്കില്ലെന്നായിരുന്നു രാവിലെ മന്ത്രി വി അബ്ദുറഹ്മാന്റെ പ്രതികരണം
ഇന്ന് രാവിലെ മുതല്‍ സമരസ്ഥലം സംഘര്‍ഷ ഭരിതമായിരുന്നു. പള്ളം, ലൂര്‍ദ് പുരം, അടിമലത്തുറ, കൊച്ചുപള്ളി എന്നീ ഇടവകകളില്‍ നിന്നുള്ള തീരദേശവാസികളാണ് സമരവുമായി ഇന്ന് വിഴിഞ്ഞം തുറമുഖ കവാടത്തിലുള്ളത്. തുറമുഖ കവാടത്തിലേക്ക് മാര്‍ച്ച് നടത്തിയ തീരദേശവാസികള്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ മറിച്ചിട്ട് തുറമുഖ നിര്‍മ്മണം നടക്കുന്ന സ്ഥലത്തേക്ക് ഓടി. ഒടുവില്‍ പൊലീസ് ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു.