രാജസ്ഥാനിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ കൊന്ന കേസിൽ മേൽജാതിക്കാരെയാകെ പ്രതികളായി മുദ്രകുത്തരുതെന്ന് കോൺഗ്രസ് മന്ത്രി. രാജസ്ഥാൻ ഗ്രാമ വികസന, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ രാജേന്ദ്ര ഗുദ്ധയുടേതാണ് പ്രസ്താവന. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ രാജ്പുത്ത് വിഭാഗത്തിലുള്ള അധ്യാപകൻ്റെ ക്രൂര മർദ്ധനത്തിൽ ജാട്ട് വിഭാഗത്തിലുള്ള ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് മന്ത്രിയുടെ പ്രതികരണം.
അധ്യാപകൻ്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ഒൻപത് വയസുകാരനെ അധ്യാപകൻ ചെയിൽ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. കടുത്ത ജാതി ബോധമുള്ള അധ്യാപകന് ദളിത് സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥി തൻ്റെ കുടിവെള്ള പാത്രത്തിൽ കൈവെച്ചത് ഇഷ്ടമായില്ല. ജലോർ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് പതിനാലിന് കുട്ടി മരിച്ചു.
സംഭവത്തെ കോൺഗ്രസ് രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് ഇതുവരെ അപലപിക്കാൻ പോലും തയ്യാറായില്ല. ജലോർ ജില്ലയിൽ സന്ദർശനം നടത്തിയ കോൺഗ്രസിന്റെ മുതിർന്ന നേതാവ് സച്ചിൻ പൈലറ്റ് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദർശിക്കാനും തയ്യാറായിരുന്നില്ല. സംഭവത്തിൽ അധ്യാപകനെതിരെ തെളിവുകളൊന്നും ലഭ്യമായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പ്രതികരിച്ചിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് കോൺഗ്രസ് നേതൃത്വവും സംസ്ഥാന സർക്കാരും പ്രതിയെ സംരക്ഷണാണ് ശ്രമിക്കുന്നത് എന്നാണ്. കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടിനെതിരെ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.