ബിഹാറിൽ ജെഡിയുവിന് പിന്നാലെ മറ്റൊരു ഘടകക്ഷി കൂടി ബിജെപിയെ കയ്യൊഴിയുന്നു. എൽ ജെ പി (രാം വിലാസ് പാസ്വാൻ) വിഭാഗമാണ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിഹാറിന്റെ ഭാവിയെക്കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്ന് എൽജെപി നേതാവ് രാം വിലാസ് പാസ്വാൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിലും സംസ്ഥാനത്തും രണ്ട് വർഷം ബിജെപി ഭരണമുണ്ടായിട്ടും സംസ്ഥാനത്തിന് വേണ്ടി ബിജെപിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പിന് മുൻപായി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2020 ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ ജെഡിയു മത്സരിച്ച സീറ്റുകളിലെല്ലാം എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ ജെഡിയുവിന് തിരിച്ചടിയായി. എൽജെപിയുടെ ഈ നീക്കത്തിന് പിന്നിൽ ബിജെപിയായിരുന്നു. നിതീഷിനെ ഒതുക്കാൻ ബിജെപിയെ സഹായിച്ച എൽജെപിയും എതിർപ്പുമായി രംഗത്തെത്തിയതോടെ സംസ്ഥാനത്ത് ബിജെപിയുടെ നില പരുങ്ങലിലാക്കും.
അതേസമയം ബിഹാർ എൻഡിഎയിലെ മറ്റൊരു ഘടകകക്ഷിയായ ആർ എൽ ജെപിയുടെ മൂന്ന് എംപിമാർ ജെഡിയുവിൽ ചേർന്നേക്കും. ചൗതരി മെഹബൂബ് അലി, വീണാ ദേവി, ചന്ദൻ സിഗ് എന്നിവർ ജെഡിയു നേതാക്കളുമായി സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര മന്ത്രി പശുപതി പരസ് രാം വിലാസ് പാസ്വാന്റെ മരണത്തിന് പിന്നാലെ എൽജെപി പിളർത്തി രൂപീകരിച്ച പാർട്ടിയാണ് ആർ എൽ ജെ പി.