കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനയത്തിനെതിരെ വിമർശനവുമായി ബിജെപി നേതാവും എംപിയുമായി വരുൺ ഗാന്ധി. കഴിഞ്ഞ 5 വർഷത്തിനിടെ കോർപ്പറേറ്റുകളുടെ പത്ത് ലക്ഷം കോടി വായ്പ എഴുതിത്തള്ളിയ കേന്ദ്രസർക്കാർ നടപടിയിലാണ് വരുൺ ഗാന്ധിയുടെ പ്രതിഷേധം. പാവങ്ങൾക്ക് 5 കിലോ റേഷൻ നൽകുന്നതിന് നന്ദി ആവശ്യപ്പെടുന്ന അതേ പാർലമെന്റിലാണ് സമ്പന്നരുടെ 10 ലക്ഷം കോടി രൂപയുടെ കടം എഴുത്തിത്തള്ളിയതായി പറയുന്നതെന്ന് വരുൺ ഗാന്ധി ട്വിറ്ററിൽ കുറ്റപ്പെടുത്തി. ഈ സൗജന്യം ലഭിച്ചതിൽ മുൻനിരയിലുള്ളത് മെഹുൽ ചോക്സിയും ഋഷി അഗർവാളുമാണുള്ളതെന്നും വരുൺഗാന്ധി ചൂണ്ടിക്കാണിച്ചു.
സർക്കാർ ഖജനാവിൽ ആർക്കാണ് ആദ്യ അവകാശമെന്നും ട്വീറ്റിൽ അദ്ദേഹം ചോദിക്കുന്നു. കൊവിഡ് കാലത്ത് സൗജന്യ റേഷൻ നൽകിയതിന് കേന്ദ്ര സർക്കാർ നന്ദി അർഹിക്കുന്നുവെന്ന് അടുത്തിടെ ഒരു ബിജെപി എംപി പാർലമെന്റിൽ പ്രസംഗിച്ചിരുന്നു. കൂടാതെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് നേട്ടത്തിനായി സൗജന്യവാഗ്ദാനങ്ങൾ നടത്തുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ ഈ രണ്ട് പ്രതികരണങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് വരുൺ ഗാന്ധിയുടെ പ്രതികരണം. കർഷക സമരമുൾപ്പെടുയുള്ള നിരവധി വിഷയങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി കേന്ദ്ര സർക്കാരിനെതിരായ നിലപാടാണ് വരുൺ ഗാന്ധിയുടേത്.
1 Comment
ജനങ്ങൾ എല്ലാം സഹിക്കുന്നു. എന്നും അവനെ ചൂഷണം ചെയ്യാം എന്ന് ധരിക്കരുത്. ഒരുനാൾ അവൻ ഉയിർത്ത് എഴുന്നേൽക്കുകതന്നെ ചെയ്യും.
,.