കോൺഗ്രസ് വക്താവും കാസർഗോഡ് ലോക്സഭാംഗവുമായ രാജ്മോഹൻ ഉണ്ണിത്താന്റെ പിഎ പീഡന കേസിൽ പ്രതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസഫിനെതിരെ ഭാര്യ ബിൻസി ജോസഫാണ് പീഡന പരാതി നൽകിയത്. ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ബിൻസി ജോസഫ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ രാജപുരം പോലീസിൽ പരാതി നൽകിയത്.
ഭർത്താവ് പീഡിപ്പിക്കുന്നതിന് പുറമെ തന്റെ സ്വർണ്ണം മുഴുവൻ വിറ്റെന്നും കാർ കള്ളക്കടത്തിന് ഉൾപ്പടെ ഉപയോഗിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ വിദേശത്തേക്ക് പോകാൻ ശ്രമിച്ചപ്പോഴും നോയൽ തടഞ്ഞു. ബിൻസി ജോസഫിന്റെ പരാതിയിൽ കേസെടുത്ത രാജപുരം പോലീസ് ഗാർഹിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ നോയൽ ടോം ജോസഫിനെതിരെ ചുമത്തിയിട്ടുണ്ട്. നാലു വർഷം മുൻപ് വിവാഹിതരായ ഇവർക്ക് 3 വയസുള്ള ഒരു കുട്ടിയുമുണ്ട്.
മുമ്പ് സാമ്പത്തിക ക്രമക്കേടിന് നോയൽ ടോം ജോസഫ് നടപടി നേരിട്ടിരുന്നു. എന്നാൽ രാജ്മോഹൻ ഉണ്ണിത്താൻ ഇടപെട്ട് പ്രശ്നം ഒതുക്കി തീർക്കുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, പിഎ എന്നീ നിലകളിൽ നോയലിനെ കൊണ്ടുവരികയുമായിരുന്നു.