ചൈന അധിനിവേശത്തിന് തുനിഞ്ഞാൽ വലിയ വില നൽകേണ്ടി വരുമെന്ന് തായ്വാൻ. കഴിഞ്ഞ ദിവസം തായ്വാൻ വ്യോമാതിർത്തി ലംഘിച്ച് ചൈന സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നു. അമേരിക്കൻ പ്രതിനിധിയുടെ തായ്വാൻ സന്ദർശനത്തിൽ പ്രകോപിതമായാണ് ചൈന സൈനികാഭ്യാസ പ്രകടനങ്ങൾ നടത്തിയത്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയാണ് തായ്വാൻ സന്ദർശിച്ചത്. ഇതിന് മറുപടിയായാണ് തായ്വാൻ നിയമനിർമ്മാണ സഭാംഗം വാങ് ടിങ് യു ചൈനയോട് പ്രതികരിച്ചത്.
‘ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശവും വിലപ്പെട്ടതായി കാണുന്ന രാജ്യമാണ് തായ്വാൻ. ഏതൊരു അധിനിവേശ ശക്തിയേയും നേരിടുന്നതിനുള്ള കരുത്തും ആത്മവിശ്വാസവും അതിലൂടെ ലഭിക്കുന്നു. സൈനിക ഏറ്റുമുട്ടൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ, അധിനിവേശത്തിനായി ചൈന ശ്രമിച്ചാൽ താങ്ങാനാകാത്ത വില അവർ നൽകേണ്ടി വരും’ എന്നും തായ്വാൻ നിയമനിർമ്മാണ സഭാംഗം വാങ് ടിങ് യു പറഞ്ഞു.