ഹരിയാനയില്‍ നിന്നുള്ള എഐസിസി പ്രവര്‍ത്തക സമിതി അംഗമായിരുന്ന കുല്‍ദീപ് ബിഷ്ണോയ് ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ബിഷ്ണോയിയെ ബിജെപി അംഗത്വം നല്കി സ്വീകരിച്ചു. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് കുല്‍ദീപ് ബിഷ്ണോയ് ബിജെപിയില്‍ ചേര്‍ന്നത്. ഹരിയാനയിലെ ആദംപൂര്‍ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. ബിജെപിയില്‍ ചേരുന്നതിന് മുന്നോടെയായി ബിഷ്ണോയി രാവിലെ എംഎല്‍എ സ്ഥാനം രാജിവച്ചു.
മുന്‍ ഹരിയാന മുഖ്യമന്ത്രി ബജന്‍ലാലിന്റെ മകനായ കുല്‍ദീപ് ബിഷ്ണോയ് ആദംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ നാല് തവണയും വിജയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡയുമായി നാളുകളായി ബിഷ്ണോയ് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഹെക്കമാന്റും കുല്‍ദീപിനെ പിന്തുണച്ചില്ല. ഇതോടെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തതിനെതുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.