കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞു. മലയാള മാധ്യമ സ്ഥാപന മേധാവികളുമായുള്ള കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം മാധ്യമങ്ങളെ മാത്രം ക്ഷണിക്കാത്തതിനെ പരാമർശിച്ചുള്ള രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ പരാമർശത്തിനുള്ള മറുപടിയിലാണ് മന്ത്രി മാപ്പ് പറഞ്ഞത്.
കൈരളി ടി വിയുടെ ചീഫ് എഡിറ്റർ, എം ഡി എന്നതിനൊപ്പം തന്നെ ഐ.ടി ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ് ജോൺ ബ്രിട്ടാസ്. ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷനിൽ ബോർഡ് അംഗവുമാണ്. ഇത്തരമൊരു കൂടിക്കാഴ്ചയിൽ എന്തുകൊണ്ട് ഒഴിവാക്കി എന്നാണ് ജോൺ ബ്രിട്ടാസ് ചോദിച്ചത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു കോഴിക്കോട്ടെത്തിയതാണെന്നും തുടർന്ന് മറ്റു പരിപാടികളുടെ ആധിക്യം കാരണമാണ് ക്ഷണിക്കാൻ കഴിയാത്തതെന്നുമാണ് മന്ത്രി മറുപടി പറഞ്ഞത്.