പത്തനംതിട്ട: പന്തളം നഗരസഭയിൽ ബിജെപി ചെയർപേഴ്സൺ ബിജെപി കൗൺസിലർക്ക് നേരെ അസഭ്യവർഷം നടത്തിയതായി പരാതി. നഗരസഭ കൗൺസിലർ കെ വി പ്രഭയ്ക്ക് നേരെയായിരുന്നു ചെയർപേഴ്സൺ സുശീല സന്തോഷിന്റെ ആക്രോശം. നഗരസഭ ഹാളിൽ ആയിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. രൂക്ഷമായ തർക്കത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഭരണസമിതിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയായി. ഭൂമിയോളം താൻ ക്ഷമിച്ചെന്നും ഇനി ആവർത്തിച്ചാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ വിഡിയോയിൽ പറയുന്നത് കേൾക്കാം.
വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസം സംസ്ഥാന നേതൃത്വം ഇടപെട്ടു പരിഹരിച്ച് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ സംഭവം. സുശീല സന്തോഷിനെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭർത്താവ് ഓഫിസിലിരിക്കുന്ന ചിത്രം, കൗൺസിലർ പ്രഭ ബിജെപിയുടെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ ഇട്ടതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരം. 33 അംഗ പന്തളം നഗരസഭയിൽ 18 സീറ്റ് നേടി അധികാരം പിടിച്ച ബി.ജെ.പിയിൽ തുടക്കം മുതൽ തർക്കങ്ങളുണ്ട്.