കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ഭാരോദ്വഹനം 73 കിലോഗ്രാം വിഭാഗത്തിൽ അചിന്ത ഷീലിയാണ് ഗെയിംസ് റെക്കോർഡോടെ രാജ്യത്തിന് സ്വർണം സമ്മാനിച്ചത്. ആകെ 313 കിലോഗ്രാം ഉയർത്തിയാണ് ഈ 20കാരന്റെ മെഡൽ നേട്ടം. പശ്ചിമ ബംഗാളിലെ ഹൌറ ജില്ലക്കാരനാണ് അചിന്ത ഷീലി. ഷീലിയുടെ സ്വർണ നേട്ടത്തോടെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 3 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 6 ആയി. ഇതുവരെ ഇന്ത്യ നേടിയ ആറ് മെഡലുകളും ഭാരോദ്വഹനത്തിൽ നിന്നാണെന്ന പ്രത്യേകതയും ഉണ്ട്.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് മൂന്ന് മെഡൽ പോരാട്ടങ്ങളാണുള്ളത്. പുരുഷൻമാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ പാരാ സ്വിമ്മിങ്, ഭാരോദ്വഹനത്തിൽ 81 കിലോ പുരുഷ വിഭാഗം, 71 കിലോ വനിതാ വിഭാഗം എന്നിവയിലാണ് മത്സരങ്ങൾ. മൂന്നു സ്വർണം അടക്കം ആറു മെഡലുകൾ നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 18 സ്വർണവുമായി ആസ്ത്രേലിയയാണ് ഒന്നാമത്.