ന്യൂഡൽഹി: മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നു എന്ന് ആരോപണമുന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വക്കീൽ നോട്ടീസ് അയച്ചു. പവൻ ഖേര, ജയ്റാം രമേശ്, നെറ്റ ഡിസൂസ എന്നീ നേതാക്കൾക്കാണ് നോട്ടീസ് അയച്ചത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പതിനെട്ടുകാരിയായ തന്റെ മകൾ സോയീഷ് ഇറാനി ബാർ നടത്തിപ്പിൽ ഉൾപ്പെട്ടിട്ടില്ലെന്നും കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വടക്കൻ ഗോവയിലെ ആസ്ഗാവിൽ സ്മൃതി ഇറാനിയുടെ മകൾ സോയീഷ് ഇറാനിയുടെ പേരിലുള്ള റസ്റ്റോറന്റിന് കഴിഞ്ഞ മാസമാണ് ബാർ ലൈസൻസ് പുതുക്കിനൽകിയത്.
എന്നാൽ, 2021 മെയിൽ മരിച്ച ആന്റണി ഡിഗാമയുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് ബാർ ലൈൻസിന് അപേക്ഷ നൽകിയതെന്നാണ് ആരോപണം. റസ്റ്റോറന്റ് തന്റെയാണെന്നു സമ്മതിച്ച് സോയീഷ് ഇറാനി സംസാരിക്കുന്ന വീഡിയോ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് പുറത്തുവിട്ടു. സ്മൃതി ഇറാനി റസ്റ്റോറന്റിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റും കോൺഗ്രസുകാർ പുറത്തുവിട്ടു. ലൈസൻസ് ഇല്ലാതെ ബാർ നടത്തിയതിന് അടുത്തിടെയാണ് റസ്റ്റോറന്റിന് നോട്ടീസ് കിട്ടിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം.