ആലപ്പുഴ: കിലയും ഐഐടി ബോംബെയും ചേർന്ന് ചാത്തനാട് നടപ്പാക്കിയ വികേന്ദ്രീകൃത ദ്രവമാലിന്യ സംസ്കരണപ്ലാന്റ് – ഡീ വാട്സ്, ആലിശേരിയിലെ ഹരിതകർമസേനയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ എന്നിവ സന്ദർശിച്ച് ശ്രീലങ്കൻ-നേപ്പാൾ സംഘം. ആലപ്പുഴയുടെ മാലിന്യസംസ്കരണ രീതികൾ പഠിക്കാനാണ് ശ്രീലങ്കൻ, നേപ്പാൾ സംഘം എത്തിയത്. ഖരമാലിന്യ സംസ്കരണരീതികൾ പഠിക്കാനായി കേന്ദ്രസർക്കാരും സ്വിറ്റ്സർലൻഡ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സർക്കാരുകളും ചേർന്ന് സംഘടിപ്പിക്കുന്ന ടാഗ് പ്രോജക്ടിന്റെ ഭാഗമായാണ് ശ്രീലങ്ക–നേപ്പാൾ സംഘം സന്ദർശിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് സെന്ററാണ് കേരളത്തിലെ സന്ദർശനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നേപ്പാളിൽനിന്ന് സുദർശൻ, യാഷ് കർമാചാര്യ എന്നിവരടങ്ങുന്ന ഏഴംഗസംഘവും ശ്രീലങ്കയിൽനിന്ന് റുവന്തി, ഫിർന എന്നിവരടങ്ങുന്ന ഏഴംഗ സംഘവും സിഇഡി പ്രതിനിധികൾ ഡോ. ബാബു അമ്പാട്ട്, ബൈജു, ജയന്തി എന്നിവരുമാണ് എത്തിയത്.
നഗരസഭാ ഹെൽത്ത് ഓഫീസർ കെ പി വർഗീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സുമേഷ് പവിത്രൻ, ടെൻഷി സെബാസ്റ്റ്യൻ, എ എസ് ഗിരീഷ്, സി വി രഘു, കാൻ ആലപ്പി പ്രവർത്തകൻ രോഹിത് ജോസഫ് എന്നിവർ നേതൃത്വം നൽകി. നഗരത്തിലെ വികേന്ദ്രീകൃത ജൈവ അജൈവ മാലിന്യസംസ്കരണ രീതികളും ഇച്ഛാശക്തിയോടെയുള്ള പദ്ധതി നിർവഹണവുമാണ് വീടുകളും പൊതുയിടങ്ങളും ശുചിയായിരിക്കാൻ കാരണമെന്ന് സംഘം അഭിപ്രായപ്പെട്ടു.