തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗക്ഷേമ മന്ത്രിയായി ഒ ആർ കേളു ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്‌ഭവനിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ പങ്കെടുത്തു.
കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിക്കുകയും മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തതോടെയാണ് ഒ ആർ കേളുവിനെ മന്ത്രിയായി തിരഞ്ഞെടുത്തത്. പട്ടിക ജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുക.
2005ലും 2010ലുമായി തുടർച്ചയായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015ൽ തിരുനെല്ലി ഡിവിഷനിൽനിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ തോൽപിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ശാന്ത. മക്കൾ: മിഥുന, ഭാവന.