തൃശൂർ: കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ. പഴയ കോൺഗ്രസുകാരാണിപ്പോൾ ബിജെപിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്നും പത്മജ പറഞ്ഞു.
സുരേഷ് ഗോപിയല്ല തൃശൂരിൽ തന്നെ തോൽപിച്ചത്. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. വടകരയിൽ നിന്നാൽ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു. കെ സുധാകരൻ മാത്രമാണ് കോൺഗ്രസിൽ തന്നോട് ആത്മാർഥതയോടെ പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോരുന്നതിൽ മാത്രമാണ് തന്റെ മനസ്സിടറിയതെന്നും പത്മജ പറഞ്ഞു.
‘പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറ്റാൻ എന്റെ കൈയിൽ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എം പി വിൻസെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാൻ നൽകി. പ്രിയങ്ക വന്നപ്പോൾ ഞാൻ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്‌റ്റേജിൽ വന്നാൽ മതിയെന്ന് പറഞ്ഞു. അതോടെ ഞാൻ കയറുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കിൽ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ.പിന്നീട് പത്മജ ഔട്ട്, പ്രതാപൻ ഇൻ എന്ന് പത്രങ്ങൾ എഴുതി’ പത്മജ വേണുഗോപാൽ പറഞ്ഞു.