തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷൻ തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറാം തീയതി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രിയാണ് മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിൻ്റെ സ്വന്തം കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറാം തീയതി നാടിന് സമർപ്പിക്കും. രാവിലെ പത്ത് മണിക്ക് കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും.
1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളത്. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 379 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിനാണ് ഈ തുക ഉപയോഗിക്കുക. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കിലൂടെ കാക്കനാടുവരെ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന രണ്ടാംഘട്ടം 2025ൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.