കൊച്ചി: അതിക്രൂരമായ ആക്രമണമാണ് മഹാരാജാസിൽ കെഎസ് യു- ഫ്രറ്റേണിറ്റി സംഘത്തിൻ്റെ ഭാഗത്ത് നിന്നും എസ്എഫ്ഐക്കുനേരെ ഉണ്ടായിട്ടുള്ളതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. യൂണിറ്റ് സെക്രട്ടറി നാസിറിനെ വൈകാതെ ശസ്ത്രക്രിയയ്കക് വിധേയമാക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളതെന്നും ആർഷോ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ ആസൂത്രിതമായി ക്യാമ്പസിനകത്ത് അക്രമം അഴിച്ചുവിടുന്നതിനുവേണ്ടി ഈ രണ്ട് കൂട്ടരുടെ ഭാഗത്ത് നിന്നും നിരന്തര ശ്രമമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്നലെ ക്യാമ്പസിൽ ഒരധ്യാപകനെ ഉൾപ്പെടെ ആക്രമിക്കുന്ന നിലയുണ്ടായത്. ബോധപൂർവ്വം സംഘർഷം അഴിച്ചുവിടുന്നതിന് വേണ്ടി ആസൂത്രിത ശ്രമം തുടരുകാണ്.
ഫ്രറ്റേണിറ്റി സംഘം നിയന്ത്രിക്കുന്ന തലത്തിലേക്ക് കെഎസ് യു എന്ന സംഘടന മാറിയിരിക്കുന്നു. മാത്രമല്ല, മുൻകാലത്തെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ഫ്രറ്റേണിറ്റിയാടൊപ്പം ചേർന്ന് പുറത്ത് നിന്നും ഗുണ്ടകളെ ഇറക്കി മറ്റൊരു അഭിമന്യു ആവർത്തിക്കാനാണ് ശ്രമമെങ്കിൽ എസ്എഫ്ഐ ശക്തമായ പ്രതിരോധം തീർക്കുമെന്നും ആർഷോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസിറിനെ കെഎസ് യു- ഫ്രറ്റേണിറ്റി സംഘം ആക്രമിച്ചത്. നാസിറിൻ്റെ വയറിനും കൈകാലുകൾക്കുമാണ് കുത്തേറ്റത്. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു. എംജി നാടകോത്സവത്തിൻ്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനത്തിനിടെയാണ് അക്രമികളെത്തിയത്. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുൾ നാസിറും എസ്എഫ്ഐ പ്രവർത്തകരും ക്യാംപസിലുണ്ടായിരുന്നു. കത്തി, ബിയർ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ക്യാംപസിൽ ബുധൻ ഉച്ചയ്ക്ക് ഫ്രറ്റേണിറ്റി പ്രവർത്തകൻ ഭിന്നശേഷിക്കാരനായ അധ്യാപകനെ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ടൂറിസം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിനോദയാത്രയ്ക്ക് പോയപ്പോൾ ബിലാലിൻ്റെ നേതൃത്വത്തിൽ യാത്ര സംഘത്തിലെ എസ്എഫ്ഐ പ്രവർത്തകരെയും ആക്രമിച്ചിരുന്നു.