നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ നിഷേധ നിലപാടും ബാങ്കുകളുടെ കുത്തിത്തിരിപ്പുമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കുട്ടനാട്ടിലെ കൃഷിക്കാരൻ്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന സർക്കാരിനെ അവമതിക്കാൻ ബോധപൂർവമായ മാധ്യമ ദുഷ്പ്രചാരണമാണ് നടക്കുന്നതന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഉയർന്ന സംഭരണവില ഉൾപ്പെടെ രാജ്യത്ത് നെൽകർഷകർക്ക് ഏറ്റവുമധികം സഹായവും പിന്തുണയും നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും തോമസ് ഐസക് ഓർമ്മിപ്പിച്ചു.
ഫെയ്സ് ബുക്ക് കുറിപ്പ്:
“നെൽകൃഷിക്കാരോടുള്ള കേരള സർക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും തെളിവായിട്ടാണ് കുട്ടനാട്ടിലെ പ്രസാദ് എന്ന കൃഷിക്കാരന്റെ ഏറ്റവും ദൗർഭാഗ്യകരമായ ആത്മഹത്യയെ ഇന്നു സർക്കാർ വിരുദ്ധർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എവിടെ കൃഷിമന്ത്രി? അദ്ദേഹം എന്തിന് ആസ്ട്രേലിയയിൽ പോയി? എന്നൊക്കെ ഒരു നടൻ അലറുന്നതും കേട്ടു.
പ്രസാദ് ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നു. അതിന്റെ തിരിച്ചടവ് മുടക്കം വന്നു. ഒറ്റത്തവണ തീർപ്പുവേണ്ടിവന്നു ബാധ്യത ഒഴിവാക്കാൻ. അതുപോലതന്നെ മറ്റൊരു ബാധ്യത കൂടി കൃഷിക്കാരനുണ്ടായിരുന്നു. നെല്ല് സംഭരണത്തിനു സർക്കാർ നൽകിയ പിആർഎസ് രസീത് കാണിച്ച് ബാങ്കിൽ നിന്നും പണമെടുത്തിരുന്നു. ആ പണം ബാങ്കിനു കൊടുക്കേണ്ട ബാധ്യത സർക്കാരിനാണ്. സർക്കാരുമായി ബാങ്ക് ഇതു സംബന്ധിച്ച് കരാറും ഒപ്പുവച്ചിട്ടുണ്ട്. ഈ ബാധ്യത സർക്കാർ ക്ലിപ്തസമയത്തിനുള്ളിൽ പൂർണ്ണമായും തിരിച്ചടച്ചിട്ടുണ്ട്.
ഒരാൾക്കോ സ്ഥാപനത്തിനോ വായ്പ എടുക്കാനുള്ള യോഗ്യത സംബന്ധിച്ച റേറ്റിംഗ് അഥവാ സ്കോർ നിശ്ചയിക്കുന്നതിനു റിസർവ്വ് ബാങ്ക് അക്രഡിറ്റേഷൻ നൽകിയിട്ടുള്ള നാല് കമ്പനികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ് CIBIL അഥവാ Credit Information Bureau (India) Limited. ഫോട്ടോകോപ്പി എടുക്കുന്ന യന്ത്രത്തെ Xerox എന്നു വിളിക്കുന്നതുപോലെ എല്ലാവരും വായ്പാ ക്രെഡിറ്റ് റേറ്റിംഗിനെ CIBIL എന്നാണു വിളിക്കുന്നത്. ആധാർ, പാൻ കാർഡ് വിവരങ്ങൾ ആസ്പദമാക്കി ഈ വ്യക്തി മുമ്പ് എടുത്തിട്ടുള്ള വായ്പകളെ പരിശോധിച്ചാണു വ്യക്തിയുടെ വായ്പ യോഗ്യതയ്ക്ക് കമ്പനികൾ മാർക്കിടുക.
സാധാരണഗതിയിൽ 900 മാർക്കാണു മൊത്തത്തിലുണ്ടാവുക. അതിൽ 650-നു മുകളിൽ കിട്ടിയാൽ വായ്പയ്ക്കു യോഗ്യതയുണ്ട്. സുരക്ഷിതമായി വായ്പ കൊടുക്കാമെന്നാണു തീരുമാനം. ഇതുതന്നെ 350-ൽ താഴെയാണെങ്കിൽ വായ്പാ യോഗ്യതയില്ല. അതിനിടയിലുള്ളവർക്കു ബാങ്കുകളുടെ വിവേചനാധികാരത്തിൽ തീരുമാനമെടുക്കാം. രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ വായ്പാ യോഗ്യത നഷ്ടപ്പെടും. ഒന്ന്, മനപൂർവ്വം വായ്പ തിരിച്ചടയ്ക്കാതെ വെട്ടിപ്പു നടത്തുക. രണ്ട്, വായ്പാ തിരിച്ചടയ്ക്കാൻ കഴിവില്ലാതെ ഒറ്റത്തവണ തീർപ്പിലൂടെ പലിശയിലും മുതലിലും ഇളവ് വാങ്ങ് ബാധ്യത ഇല്ലാതാക്കിയാൽ. ഇതിൽ ഏതെങ്കിലും സംഭവിച്ചാൽ നിസംശയം വായ്പാ യോഗ്യത ഇല്ലാതാകും. കുട്ടനാട്ടിലെ കർഷകന്റെ കാര്യത്തിൽ ഒറ്റത്തവണ തീർപ്പുണ്ടായി. സ്വാഭാവികമായി ഏഴു വർഷത്തേക്ക് തുടർവായ്പ അദ്ദേഹത്തിനു ലഭിക്കില്ല. കാരണം ഏഴ് വർഷം കഴിഞ്ഞേ റേറ്റിംഗ് കമ്പനി ഒരു പുനപരിശോധന ഇക്കാര്യത്തിൽ നടത്തുകയുള്ളൂ. അടുത്തതായി കേരള സർക്കാർ നൽകിയ പിആർഎസ് വായ്പയുടെ കാര്യത്തിൽ ഒറ്റത്തവണ തീർപ്പില്ലാതെ സർക്കാർ പൂർണ്ണമായിട്ടും വായ്പ തിരിച്ചടച്ചിട്ടുണ്ട്. എന്റെ അന്വേഷണത്തിൽ പ്രസാദിന് 2017 മുതൽ 2022 വരെ ഫെഡറൽ ബാങ്കിന്റെ തകഴി ബ്രാഞ്ചിൽ നിന്നുമാണ് പിആർഎസ് വായ്പ നൽകിയിരുന്നത്. 2022 നവംബറിൽ ആ വർഷത്തെ വായ്പാ തുകയും സർക്കാർ തിരികെ നൽകിക്കഴിഞ്ഞിട്ടുണ്ട്. അപ്പോൾ സർക്കാർ നൽകേണ്ട പിആർഎസ് തുകയുടെ തിരിച്ചടവിൽ വീഴ്ചയില്ല. ഇനി കുടിശിക കുറച്ചു താമസിച്ചാണെങ്കിലും പൂർണ്ണമായി തിരിച്ചടച്ചാൽ ഒരിക്കലും അയോഗ്യതാ റേറ്റിംഗിലേക്കു താഴുകയില്ല. സ്കോറിൽ കുറവുവരും. പക്ഷേ, അയോഗ്യതയുണ്ടാവില്ല. അപ്പോൾ ഒരു കാര്യം വ്യക്തം പിആർഎസ് സ്കീം മൂലമല്ല സിബിൽ റേറ്റിംഗിൽ അയോഗ്യത വന്നത്.
എന്തെങ്കിലും കാരണവശാൽ ഇങ്ങനെ റേറ്റിംഗിൽ തെറ്റുവന്നാൽ അതു തിരുത്തിക്കാൻ മുൻകൈ എടുക്കേണ്ടതു ബാങ്കാണ്. വായ്പ എടുത്തയാൾക്കും നേരിട്ട് സിബിലിന് എഴുതാം. അല്ലെങ്കിൽ ബാങ്കിനെ സമീപിക്കാം. ഇത് ഒരുപക്ഷേ സാധാരണ കൃഷിക്കാരന് അറിവുണ്ടാവില്ല. എങ്കിലും ഒരു കാര്യം അസന്നിഗ്ദമായി പറയാം – പിആർഎസ് കൊണ്ടല്ല ആത്മഹത്യ ചെയ്യേണ്ടി വന്നത്. നാട്ടിൽ നടക്കുന്ന ദുഷ്പ്രചാരണങ്ങൾകൊണ്ട് അങ്ങനെയൊരു ചിന്താഗതി ആ കൃഷിക്കാരനും ഉണ്ടോയിരുന്നോ എന്നത് എനിക്കു പറയാനാവില്ല. അപ്പോൾ ഒരു ചോദ്യം വരുന്നു എന്തിന് ഇത്തരത്തിൽ പിആർഎസ് വാങ്ങി വായ്പ എടുക്കാൻ കൃഷിക്കാരനെ നിർബന്ധിക്കണം. സപ്ലൈകോയ്ക്ക് വായ്പ എടുത്തു കൃഷിക്കാരനു നൽകിക്കൂടേ. ഉത്തരം പറയേണ്ടത് യുഡിഎഫ് സർക്കാരാണ്. 2015-ൽ അവരാണ് ഈ സ്കീം മുന്നോട്ടുകൊണ്ടുപോയത്. ഒരു പരാതിയും ഇല്ലാതെ അഞ്ചുവർഷം ഈ സ്കീം കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കി. ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ ബാങ്കുകളുടെ കുത്തിത്തിരിപ്പാണെന്നു ഞാൻ പറയും.
ബാങ്കുകളുടെ മനോഭാവം ഇതാണെങ്കിൽ സപ്ലൈകോയ്ക്കു നേരിട്ട് വായ്പ എടുത്ത് കൃഷിക്കാർക്കു നൽകിക്കൂടേ എന്നായിരിക്കും ചോദ്യം. ഇനി കഴില്ല. കാരണം കേരള സർക്കാരിന്റെ ഗാരണ്ടിയിൽ ബാങ്കിൽ നിന്നും സപ്ലൈകോ വായ്പ എടുത്താൽ അത് സർക്കാർ വായ്പയാക്കി കണക്കാക്കും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഈ നിയമത്തിൽ മുൻകാല പ്രാബല്യം നൽകി കിഫ്ബി, പെൻഷൻ ഫണ്ട് എന്നിവയ്ക്കായി എടുത്ത വായ്പയും വെട്ടിക്കുറയ്ക്കുകയാണു. ഇതാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം. അതുകൊണ്ട് ബിജെപി, യുഡിഎഫ് നേതാക്കൾ കൃഷിക്കാർക്കു സമയത്തിനു പണം നൽകാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിനോടാണു പ്രതിഷേധിക്കേണ്ടത്. ഇനി കേരളത്തിലെ നെൽകൃഷിക്കാർക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന ബിജെപിക്കാരോടു പറയട്ടെ ഇന്ത്യാ രാജ്യത്ത് ഏറ്റവും ഉയർന്ന നെല്ല് സംഭരണവില കേരളത്തിലാണ്. കേന്ദ്ര നൽകുന്നതു കൂടാതെ 7.40 രൂപ ഓരോ കിലോ നെല്ലിനും നമ്മൾ സബ്സിഡി നൽകുന്നു. ഇതിനു പുറമേ ഒരു ഹെക്ടറിനു 23860 രൂപവച്ച് സംസ്ഥാന സർക്കാരിന്റെ സബ്സിഡി നെൽകൃഷിക്കാർക്കുണ്ട്. ഇതിനു പുറമേ ഹെക്ടറിന് 25000 രൂപ വരെ ആസൂത്രണ മാർഗ്ഗനിർദ്ദേശ പ്രകാരം ധനസഹായം നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഇന്ത്യാ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നെൽകൃഷിക്കാർക്ക് ഇത്രയും വില സഹായം ലഭിക്കുന്നില്ല.
അവസാനം ഒരു വസ്തുതകൂടി. കേരളത്തിൽ ഒരു ക്വിന്റൽ നെല്ലിന് 64.5 കിലോ അരിയേ ശരാശരി ലഭിക്കൂ. പക്ഷേ, കേന്ദ്രം സമ്മതിക്കില്ല. കേന്ദ്രം അംഗീകരിക്കുന്ന തോത് 68 കിലോയാണ്. 64.5 കിലോ അരിയുടെ വില നെല്ലിനു നൽകിയാൽ കൃഷിക്കാർ സമ്മതിക്കുമോ? അതുകൊണ്ട് 68 കിലോ അരിയുടെ വില വച്ചാണ് നമ്മൾ സംഭരിക്കുന്നത്. ഓരോ ക്വിന്റൽ നെല്ല് സംഭരിക്കുമ്പോഴും സപ്ലൈകോയ്ക്ക് 98.7 രൂപ നഷ്ടമാണ്. ഇത് അനുവദിച്ചുതരാൻ കേന്ദ്ര സർക്കാർ സന്നദ്ധമല്ല. കേരളത്തിലെ നെൽകൃഷിക്കാർക്കുവേണ്ടി ഇത്രയും നിലപാട് സ്വീകരിക്കുന്ന കേരള സർക്കാരിനെ അവമതിക്കുവാൻ ബോധപൂർവ്വമായ മാധ്യമ ദുഷ്പ്രചാരണമാണ് നടക്കുന്നത്. “