തിരുവനന്തപുരം: ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, സോഷ്യലിസ്റ്റ് ആശയങ്ങൾ, ഫെഡറൽ ഘടന, പാർലമെൻററി ജനാധിപത്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്ന നവകേരളം സൃഷ്ടിക്കാൻ കേരള സമൂഹം മുന്നിൽ നിൽക്കുമെന്ന പ്രഖ്യാപനമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വേർതിരിവുകൾക്കുമതീതമായ ജനമനസ്സിൻറെ ഒരുമ കേരളീയം ഊട്ടിയുറപ്പിച്ചു. കേരളത്തിൻറെ ആത്മാഭിമാനത്തിൻ്റെ പതാകയാണ് കേരളീയം ഉയർത്തിയതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് കേരളീയത്തിലുണ്ടായത്. അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം നഗരം ജനസമുദ്രമായി മാറി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര വിപുലമായ ആഘോഷം സംഘടിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന ആശങ്കകൾ അകറ്റി കേരളീയം കേരളീയതയുടെ ആഘോഷമാണെന്ന്, മലയാളികളുടെ മഹോത്സവമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു.
ആയിരക്കണക്കിനാളുകളുടെ ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും മൂലമാണ് കേരളീയം ഇത്രയും വിജയകരമായത്. ഇതിൻ്റെ സംഘാടനത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വാഭാവികമായ ചെറിയ പിഴവുകൾ തിരുത്തി കൂടുതൽ മികച്ച രീതിയിൽ അടുത്ത വർഷം കേരളീയം സംഘടിപ്പിക്കാനും മറ്റു നാടുകളിൽ നിന്നുകൂടി കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്താനും ഈ വിജയം പ്രചോദനം പകരും. അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ ആരംഭിക്കുകയാണ്. അതിനായി ചീഫ് സെക്രട്ടറി ചെയർമാനായി ഒരു സംഘാടകസമിതിക്ക് മന്ത്രിസഭാ യോഗം രൂപം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കെഎസ്ഐഡിസി എം.ഡിയാണ് കൺവീനർ. തദ്ദേശസ്വയംഭരണം, പൊതുഭരണം വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വ്യവസായം, വിനോദസഞ്ചാരം, ധനകാര്യം, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, വിനോദസഞ്ചാരം, വ്യവസായം, സാംസ്കാരികം വകുപ്പ് ഡയറക്ടർമാർ, ലാൻറ് റവന്യൂ കമ്മീഷണർ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കമ്മറ്റി ഇപ്പോൾ തന്നെ അടുത്ത കേരളീയത്തിൻറെ തയാറെടുപ്പുകൾ ആരംഭിക്കും. കേരളത്തെ കൂടുതൽ മികവോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
കേരളം രൂപീകൃതമായി 67 വർഷം കഴിഞ്ഞിരിക്കുന്നു. അത്ര ദീർഘമായ കാലഘട്ടമാണിതെന്നു പറയാൻ സാധിക്കില്ല. എന്നാൽ ആറു പതിറ്റാണ്ടുകൾക്കുള്ളിൽ ലോകത്തിനു മുന്നിൽ നിരവധി കാര്യങ്ങളിൽ അനുകരണീയമായ മാതൃകയായി തലയുയർത്തി നിൽക്കാൻ നമുക്ക് സാധിക്കുന്നു എന്നത് ഒട്ടും ചെറിയ കാര്യമല്ല. കൊളോണിയലിസത്തിൻറേയും ഫ്യൂഡൽ മേധാവിത്വത്തിൻ്റെയും നൂറ്റാണ്ടുകൾ നീണ്ട ചൂഷണത്തെ നേരിടേണ്ടി വന്ന ഒരു ചെറിയ പ്രദേശമാണ് ലോക ശ്രദ്ധയാകർഷിക്കുന്ന നേട്ടങ്ങളിലേക്ക് ഉയർന്നത് എന്നത് ഈ നേട്ടത്തിൻറെ മാറ്റു കൂട്ടുന്നു.
ജീവിതനിലവാര സൂചികകൾ, പബ്ളിക് അഫയേഴ്സ് ഇൻഡക്സ്, ആരോഗ്യവിദ്യാഭ്യാസ സൂചികകൾ തുടങ്ങി ഒരു സമൂഹത്തിൻ്റെ നിലവാരമളക്കുന്ന മിക്ക മാനകങ്ങളിലും കേരളം ഇന്ന് രാജ്യത്ത് മുൻ നിരയിലാണ്. ദേശീയ തലത്തിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്കാരങ്ങൾ നമ്മെ തേടിയെത്തി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി നാം നടത്തുന്ന പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. കണ്ടെത്തിയ 64,000ത്തോളം കുടുംബങ്ങളിൽ 47.89 ശതമാനത്തെ ഇതിനകം അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിക്കാനായിട്ടുണ്ട്. 30,658 കുടുംബങ്ങൾ. 2025 നവംബറോടെ കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത കേരളീയം ആരംഭിക്കുന്ന 2024 നവംബർ ഒന്നിന് ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി നേടാനാകും. ദാരിദ്ര്യം തുടച്ചു നീക്കുക എന്ന ലക്ഷ്യം ആദ്യം കൈവരിക്കുന്ന സംസ്ഥാനം കേരളം ആയിരിക്കും എന്ന പ്രത്യാശയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംബന്ധിച്ച സെമിനാറിൽ പ്രമുഖ കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ പങ്കുവെച്ചത്.
മണിശങ്കർ അയ്യരെ പോലുള്ള പ്രഗത്ഭരുടെ പങ്കാളിത്തവും എല്ലാ ഭേദങ്ങളും മറന്നുള്ള നാനാ വിഭാഗം ജനങ്ങളുടെ സാന്നിധ്യവും ‘കേരളീയ’ത്തെ നാടിൻറെയാകെ വികാരമായി ഉയർത്തി എന്ന് സാന്ദർഭികമായി പറയട്ടെ. സമാപന സമ്മേളനം പുരോഗമിക്കുമ്പോഴാണ്, മുതിർന്ന ബി ജെ പി നേതാവ് ഒ. രാജഗോപാൽ കടന്നെത്തിയത്. കേരളീയത്തെ കുറിച്ച് ഉയർത്തിയ വിമർശനങ്ങളും ആക്ഷേപങ്ങളും ജനങ്ങളെയോ നേതൃ നിരയിലുള്ളവരെപോലുമോ ബാധിച്ചിട്ടില്ല എന്നതിൻ്റെ സൂചനകളാണ് ഇതെല്ലാം.
അഞ്ച് പ്രധാന വേദികളിലായി 25 സെമിനാറുകളാണ് വിജയകരമായി പൂർത്തീകരിച്ചത്. കേരളത്തിൻറെ വിവിധ മേഖലകളിലെ പുരോഗതി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിൻറെ ഭാവി നയ രൂപീകരണത്തിനും സഹായകമായ രീതിയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സാന്നിധ്യം ഓരോ സെമിനാറിനേയും സമ്പന്നമാക്കി. 220 പ്രഭാഷകർ വിഷയാവതരണം നടത്തി. ഇതിൽ 181 പേർ നേരിട്ടും 22 പേർ ഓൺലൈൻ ആയും 17 പേർ പ്രീറെക്കോർഡഡ് ആയും പങ്കെടുത്തു. സെമിനാറുകളിലേക്ക് 21,500 പേരെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 30839 പേർ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് തിങ്ങിനിറഞ്ഞ വേദികൾ സെമിനാറുകളുടെ വിജയത്തിൻറെ നേർക്കാഴ്ചയാണ്. ഈ സെമിനാറുകളിൽ ഉയർന്നു വന്ന ആശയങ്ങളും അഭിപ്രായങ്ങളും നവ കേരള നിർമ്മിതിക്കുള്ള മാർഗ രേഖകളായി മാറും. കേരളത്തിന് പുറത്തു നിന്ന് വന്ന പ്രഭാഷകർ പലരും നമ്മുടെ സാമൂഹ്യ പുരോഗതിയുടെ വിശദശാംശങ്ങൾ വളരെയേറെ താല്പര്യത്തോടെയാണ് മനസ്സിലാക്കിയത്. ഇതൊന്നും തങ്ങളുടെ അറിവിൽ ഇതുവരെ ഇല്ലാത്തതാണ് എന്ന് പ്രഗത്ഭർ തന്നെ തുറന്നു പറഞ്ഞു. കേരളത്തിൻറെ പുരോഗതി ലോകസമക്ഷം വീണ്ടും വീണ്ടും പറയേണ്ടതിൻറെ ആവശ്യകതയ്ക്ക് അടിവരയിടുന്നതായിരുന്നു അത്തരം അഭിപ്രായ പ്രകടനങ്ങൾ.
30 വേദികളിലായി മുന്നൂറോളം സാംസ്കാരിക കലാപരിപാടികൾ സംഘടിപ്പിച്ചു. നാല് പ്രധാന വേദികൾ, രണ്ട് നാടകവേദികൾ, പന്ത്രണ്ട് ചെറിയ വേദികൾ, പതിനൊന്ന് തെരുവുവേദികൾ, ഒരു ഗ്രൗണ്ട് വേദി എന്നിവിടങ്ങളിലാണ് പരിപാടികൾ അരങ്ങേറിയത്. 4100 കലാകാരന്മാരാണ് ഇതിൽ അണിചേർന്നത്.
കേരളീയം ഫിലിം ഫെസ്റ്റിവലിൻറെ ഭാഗമായി 100 സിനിമകൾ പ്രദർശിപ്പിച്ചു. ദേശീയ, അന്തർദേശീയ തലങ്ങളിൽ കേരളത്തിൻറെ യശസ്സ് ഉയർത്തിയ എക്കാലത്തെയും മികച്ച ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.
ദീപാലംകൃതമായ നഗരം ഏഴു ദിവസം അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു. തുടർച്ചയായി മഴ പെയ്തിട്ടും ജനത്തിരക്കിൽ കുറവുണ്ടായില്ല. കേരളീയം മാലിന്യ പരിപാലനത്തിലും മാതൃകയായി. ഓരോ വേദിയിലും ഭക്ഷണശാലയിലും ജൈവ അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് സംസ്ക്കരണത്തിനായി യഥാസമയം കൈമാറാൻ കഴിഞ്ഞു. ഗ്രീൻ പ്രോട്ടോകോൾ പാലനം ഉറപ്പാക്കാൻ 320 ഗ്രീൻ ആർമി വോളൻറിയേഴ്സിനേയും പ്രത്യേകമായി നിയോഗിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വലിയ തോതിൽ ഒഴിവാക്കാൻ കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമ്മസേനാംഗങ്ങൾ, ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, എന്നിവരെ പരിപാലനത്തിനും വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനും വിന്യസിച്ചിരുന്നു. 1300 വോളൻറിയർമാരെയാണ് 38 ഓളം വേദികളിലായി പ്രതിദിനം വിന്യസിച്ചത്. ഏഴു ദിവസങ്ങളിലേക്കായി ഏതാണ്ട് 9000 പേരുടെ പരിപ്പൂർണ്ണമായ സന്നദ്ധസേവനം കേരളീയത്തിന് പിന്നിൽ ഉണ്ടായി.
കേരളീയം ധൂർത്താണ്, ഇങ്ങനെ ഒരു പരിപാടി ഈ പ്രതിസന്ധി കാലത്ത് ആവശ്യമുണ്ടോ എന്ന് ചോദ്യങ്ങൾ ചിലർ ഉയർത്തുന്നുണ്ട്. നമ്മുടെ നാടിൻറെ പുരോഗതി എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്വേഷണത്തെയും അതിനു വേണ്ടിവരുന്ന ചെലവിനേയും ധൂർത്തായി സർക്കാർ കരുതുന്നില്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്.
സർക്കാർ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കേന്ദ്ര സർക്കാരിൻറെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്. ജിഎസ്ടി ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കുന്നതിൽ വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും, റവന്യു നൂട്രൽ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിൻറെ വരുമാനത്തിന് തിരിച്ചടിയായി. ഈ വർഷം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാൻറിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായി.
ഈ പ്രശ്നങ്ങൾക്കിടയിലും ക്ഷേമ പദ്ധതികളിൽ നിന്ന് അണുവിട പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് സംസ്ഥാനം അംഗീകരിക്കുന്നില്ല. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം.
തനത് വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജുമെൻറുവഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണത്തിൻറെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നാണ് സംസ്ഥാനത്തിൻറെ ധന മാനേജ്മെൻറ്.
കഴിഞ്ഞവർഷം മുൻവർഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനം 23,000 കോടി വർധിപ്പിക്കാനായി. 2021-22ൽ തനത് നികുതി വരുമാന വർദ്ധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവർഷം ഇത് 23.36 ശതമാനമായി വീണ്ടും ഉയർത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. റവന്യു കമ്മി ഒരു ശതമാനത്തിൽ താഴേയെത്തിയത് ചരിത്രത്തിൽ ആദ്യമാണ്. ഇതെല്ലാം ധന കമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിൻറെ ധനദൃഡീകരണ പ്രവർത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞവർഷങ്ങളിൽ കേരളം തനത് വരുമാന സ്രോതസുകൾ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്. ഈവർഷവും ചെലവിൻറെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്.
എന്നാൽ സംസ്ഥാനത്തിൻറെ ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റി വെക്കാൻ കഴിയില്ല. സാംസ്കാരിക മേഖലയിൽ ചെലവിടുന്ന പണത്തെ ധൂർത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമം ജനാധിപത്യവും സാംസ്കാരിക ഔന്നത്യവും പുലരുന്ന നാടിന് അംഗീകരിക്കാനാവില്ല. പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്ന രീതിയും പാരമ്പര്യവും ഫാസിസത്തിൻറേതാണ്. അതിൻറെ നേർവിപരീത ദിശയിൽ സഞ്ചരിക്കുന്നവരാണ് നാം. സാംസ്കാരിക രംഗത്തെ ഇടപെടലും നിക്ഷേപവും വരും തലമുറയോട് ചെയ്യുന്ന നീതിയാണ്.
കേരളീയത്തിൻറെ സമാപന വേളയിൽ നവകേരള കർമ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളിലെ സർക്കാരിൻറെ പ്രവർത്തനങ്ങൾക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ് കേരളീയത്തിൻറെ ആദ്യപതിപ്പ് പകർന്ന ഊർജ്ജമെന്ന് മുഖ്യമന്ത്രി പറഞ്ഞു.