തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കും രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിൽ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്ക സഭ’യിലൂടെയാണ് വിമർശനം. മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനം മറക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്നും വിമർശനമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നും സുരേഷ് ഗോപിയെ അതിരൂപത വിമർശിച്ചു.
അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത് അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട്’ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് അതിരൂപതയെ ചൊടിപ്പിച്ചത്. തൃശൂരിനെ എടുക്കാൻ അഗ്രഹിക്കുന്ന ബിജെപി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്ന് നടൻ സുരേഷ്ഗോപിയെ പേരെടുത്ത് പരാമർശിക്കാതെ മുഖലേഖനം വിമർശിക്കുന്നു. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ‘ആണത്തമുണ്ടോ’ എന്നാണ് ജനം തിരിച്ചു ചോദിക്കുന്നത്. അതല്ല, ഞങ്ങൾ മണിപ്പൂർ ആവർത്തിച്ചുകൊണ്ടോയിരിക്കും, ഇവിടേയും വോട്ട് ചെയ്ത് ഞങ്ങളെ വിജയിപ്പിക്കുക, ഭരണം കിട്ടിയാൽ കേരളവും ഞങ്ങൾ മണിപ്പൂരാക്കി തരാം എന്നതാണോ ലക്ഷ്യമെന്നും ചോദിക്കുന്നവരുണ്ട്.’ തൃശൂർ അതിരൂപത വിമർശിച്ചു.
വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങൾ ജാഗരൂകരാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾ കാണിക്കാറുണ്ടെന്നും കത്തോലിക്കാസഭ ചൂണ്ടിക്കാട്ടുന്നു.
സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയായിരുന്നു പത്രത്തിന്റെ പരിഹാസം. സ്വന്തം പാർട്ടിക്ക് തൃശൂരിൽ പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ പ്രസ്താവനക്കാരൻ തൃശൂരിൽ ‘ആണാകാ’ൻ വരുന്നതെന്നും മുഖപത്രം ചോദിക്കുന്നു. മണിപ്പുർ കലാപത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കേന്ദ്രത്തിലെ ആണുങ്ങൾക്ക് കഴിഞ്ഞില്ല എന്നത് ലോകജനത ഒന്നാകെ തിരിച്ചറിഞ്ഞ കാര്യമാണെന്നും അതിരൂപത വിമർശിക്കുന്നു.