മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ജില്ലാ ബാങ്ക് ലയനത്തിന് വേണ്ടി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നിയമഭേദഗതി കേന്ദ്ര ബാങ്കിങ് നിയമത്തിന് വിരുദ്ധമായതിനാൽ ലയനം അസാധുവാണെന്ന റിസർവ് ബാങ്ക് വാദവും കോടതി അംഗീകരിച്ചില്ല. ലയനത്തിനുമുമ്പ് പൊതുയോഗം ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂലപ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതിക്ക് വിരുദ്ധമാണ് സംസ്ഥാന നിയമമെന്ന ഹർജിക്കാരുടെ വാദവും ജസ്റ്റിസ് പി ഗോപിനാഥ് തള്ളി.
സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ചോദ്യംചെയ്ത് യുഡിഎഫ് നേതാക്കളായ യു എ ലത്തീഫ് എംഎൽഎ, പി ടി അജയമോഹൻ എന്നിവരും മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണസംഘങ്ങളും സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ്.
റിസർവ് ബാങ്ക് ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിന് കേന്ദ്രനിയമം ബാധകമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. ബാങ്കിങ് കാര്യങ്ങൾക്കുമാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണസംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രനിയമം പാലിക്കാതിരുന്നാൽ കേന്ദ്ര ഡിപ്പോസിറ്റ് ക്രെഡിറ്റ് ഗ്യാരന്റി സ്കീമിലെ വ്യവസ്ഥയനുസരിച്ചുള്ള ആനുകൂല്യങ്ങൾ പ്രാഥമിക ബാങ്കുകൾക്ക് കിട്ടില്ലെന്നും ലയനത്തിനായി സഹകരണ രജിസ്ട്രാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രജിസ്ട്രാറുടെ ഉത്തരവിന് സഹകരണ നിയമഭേദഗതിയുടെ പിൻബലമുണ്ടെന്നും സഹകരണം സംസ്ഥാന വിഷയമായതിനാൽ ഭേദഗതി നിയമപരമാണെന്നും കോടതി പറഞ്ഞു. മലപ്പുറം ജില്ലാ ബാങ്കിന് നൽകിയ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ലയനം തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നുമുള്ള റിസർവ് ബാങ്ക് വാദവും കോടതി തള്ളി. സർക്കാരിനുവേണ്ടി എജി കെ ഗോപാലകൃഷ്ണക്കുറുപ്പ്, സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീൻ എന്നിവർ ഹാജരായി.
സഹകരണ രജിസ്ട്രാറുടെ താൽക്കാലിക ലയന ഉത്തരവ് ഹർജിക്കാർ നേരത്തേ ചോദ്യം ചെയ്തിരുന്നു. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജികൾ തള്ളിയതിനാൽ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചു. ഹർജിക്കാർക്ക് സഹകരണ രജിസ്ട്രാറുടെ അന്തിമ ഉത്തരവ് ചോദ്യം ചെയ്യാമെന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി പ്രത്യേക അനുമതി ഹർജി തള്ളി. ഇതോടെ ഹർജിക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് കേരള ബാങ്കിന്റെ മുന്നേറ്റത്തിന് കൂടുതൽ കരുത്താകും. മലപ്പുറം ജില്ലയിലെ സഹകാരികളെ വിശ്വാസത്തിലെടുക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ടുപോയ യുഡിഎഫ് നേതൃത്വത്തിനുള്ള തിരിച്ചടികൂടിയാണ് കോടതിവിധി. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ജനങ്ങളുടെ ചിരകാല സ്വപ്നമാണ് കേരള ബാങ്ക് രൂപീകരണത്തിലൂടെ സാധ്യമായത്. എന്നാൽ, 13 ജില്ലാ ബാങ്കും കേരള ബാങ്കിൽ ലയിച്ചപ്പോൾ രാഷ്ട്രീയ ദുഷ്ടലാക്കോടെ മലപ്പുറം ഒഴിഞ്ഞുനിന്നു. അതേസമയം, മലപ്പുറം ബാങ്കിനെ ലയിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. എന്നാൽ, സർക്കാർ പാസാക്കിയ നിയമഭേദഗതിയെ ചോദ്യംചെയ്ത് മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി കോടതി തള്ളിയതോടെ ജനുവരിയിൽ ലയനം സാധ്യമായി. തുടർന്ന്, സ്പെഷ്യൽ ഓഫീസർ ചുമതലയേറ്റെടുത്തു. ഇതിനെ ചോദ്യംചെയ്ത ഹർജികളാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയത്.
എസ്ബിടി കൂടി ഇല്ലാതായതോടെയാണ് കേരളത്തിന് സ്വന്തം ബാങ്ക് എന്ന ആവശ്യത്തിന് ശക്തിപകർന്നത്. മറ്റു പൊതുമേഖലാ, വാണിജ്യ ബാങ്കുകളോട് കിടപിടിക്കുന്ന നിലയിൽ വളരുകയാണ് ഇന്ന് കേരള ബാങ്ക്. അയ്യായിരത്തിലേറെ ബിസിനസ് കേന്ദ്രങ്ങളുള്ള കേരള ബാങ്കിന്റെ ആകെ ബിസിനസ് 1,21,204 കോടി രൂപയാണ് (2023 മാർച്ച് 31). 74,152 കോടിയുടെ നിക്ഷേപവും 47,052 കോടി വായ്പയും ഉണ്ട്. കേരള ബാങ്ക് രൂപീകരണ ശേഷം തുടർച്ചയായി മൂന്നാം വർഷവും ലാഭം നേടി. രൂപീകരണ വേളയിൽ ഒമ്പതു ജില്ലാ ബാങ്കുകൾ നഷ്ടത്തിലായിരുന്നു. തിരുവനന്തപുരം ജില്ലാ ബാങ്ക് അടച്ചുപൂട്ടൽ ഭീഷണിയിലും. ഈ നിലയിൽനിന്നാണ് കേരള ബാങ്കിന്റെ മുന്നേറ്റം.