സഹകരണസംഘങ്ങളെ ഇഡി വേട്ടയാടുമ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏതു വിധേനയും തകർക്കാൻ ലക്ഷ്യമിട്ട് മനോരമ. ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘമായി ഉയർന്ന ഊരാളുങ്കലിനെതിരെ മാധ്യമങ്ങൾ തുടർച്ചയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. മനോരമ വ്യാജ വാർത്താ നിർമ്മിതിയിൽ എല്ലാവരെയും കടത്തി വെട്ടാനുള്ള ശ്രമത്തിലും. സ്വകാര്യ കരാറുകാർക്ക് വൻകിട നിർമ്മാണപ്രവൃത്തികൾ ലഭിക്കാതെ പോകുന്നതിൽ യുഡിഎഫിനും മാധ്യമങ്ങൾക്കും രോഷമുണ്ട്. കൊള്ളലാഭം കൊയ്യാനാവാതെ നിരാശരായി കഴിയുന്ന അവർക്കു വേണ്ടി കൂടിയാണ് മനോരമയുടെ ക്വട്ടേഷൻ. പ്രവൃത്തിയുടെ ഗുണമേന്മയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അടുത്തെങ്ങും എത്താൻ സ്വകാര്യ കരാറുകാർക്കാവില്ല. അവരും ഈ കുപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
‘ടെൻഡർ ഏതായാലും കരാർ ഊരാളുങ്കലിന് തന്നെ’ എന്ന കുത്തിത്തിരിപ്പുമായാണ് കഴിഞ്ഞ ദിവസം മനോരമ രംഗത്തു വന്നത്. പത്രവ്യവസായത്തിന് നൽകുന്ന ഇളവുകൾക്ക് സമാനമാണ് തൊഴിലാളി സഹകരണസംഘങ്ങൾക്കുള്ളതും. ടെൻഡറുകളിൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകുന്നത് പത്ത് ശതമാനം സാമ്പത്തിക മുൻഗണനയാണ്. ഇത് അവരുടെ നിയമപരമായ അവകാശമാണ്. ടെൻഡറിൽ ലേബർ സൊസൈറ്റികൾ ചെറിയ വ്യത്യാസത്തിൽ രണ്ടാമത് ആയാലും അവസരം നൽകാനാണിത്. ഉയർന്ന മൂലധനമുള്ള ഊരാളുങ്കലിന് ഇത് നൽകരുതെന്നാണ് മനോരമയുടെ വാദം. സംസ്ഥാന സർക്കാരും കെഎസ്ഇബിയും കെഎസ്ആർടിസിയും കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽദാതാവാണ് ഊരാളുങ്കൽ. 18,000 പേർ ജോലി ചെയ്യുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളിലും നിർമാണ വൈദഗ്ധ്യത്തിലും ലോക നിലവാരമുള്ള സ്ഥാപനത്തിനു നേരെയാണ് മനോരമയുടെ ഉറഞ്ഞുതുള്ളൽ.
അഴിമതിയുടെ കണിക പോലുമില്ലാതെ, സമയബന്ധിതമായും ഗുണമേന്മയിലും ചെലവുകുറച്ചും നിർമാണം നടത്തുന്ന മാതൃക രാജ്യത്തിന് പരിചയപ്പെടുത്തിയ ഊരാളുങ്കലിന് നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. ഉന്നത ഗുണമേന്മയോടെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കുക മാത്രമല്ല, മിച്ചംവന്ന കോടിക്കണക്കിനു രൂപ സർക്കാരിന് തിരികെ നൽകുന്ന സവിശേഷ മാതൃകയും സൃഷ്ടിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ ലേബർ സൊസൈറ്റി കൂടിയാണ് ഊരാളുങ്കൽ .
രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് നിർമാണങ്ങളും പൊതുമരാമത്തുപണിയും ലേബർ കോൺട്രാക്ട് സംഘങ്ങളെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 1957-ൽ ഇ എം എസ് മന്ത്രിസഭ ഓരോ ബ്ലോക്കിലും തൊഴിലാളികളുടെ കരാർ സംഘം രൂപീകരിക്കാൻ തീരുമാനിച്ചു. ഓൾ ഇന്ത്യ കോ ഓപ്പറേറ്റീവ് പ്ലാനിങ് കമ്മിറ്റിയുടെ ശുപാർശപ്രകാരം ഇറക്കിയ ഉത്തരവിൽ സൊസൈറ്റികൾക്ക് കരാറുകളിൽ മുൻഗണന നൽകണമെന്ന് നിർദേശിച്ചിരുന്നു. മികവുതെളിയിച്ച തൊഴിലാളിസംഘങ്ങളെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം അക്രഡിറ്റ് ചെയ്യാനും തീരുമാനവുമുണ്ടായി. കാലാകാലം പരിഷ്കരിക്കുന്ന നിശ്ചിതതുകവരെ ടെൻഡർ കൂടാതെ കരാർ നൽകാൻ വ്യവസ്ഥചെയ്യുന്ന അക്രഡിറ്റേഷൻ 2015-ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് നടപ്പാക്കിയത്. 40 സർക്കാർ ഏജൻസികളും ലേബർ സൊസൈറ്റികൾ ഉൾപ്പെടെ ആറ് സർക്കാരിതര ഏജൻസികൾ അക്രഡിറ്റേഷൻ പട്ടികയിലുണ്ട്.