തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത് കൃത്യമായ ബിജെപി, എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അജണ്ടയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡൻറുമായ എം കെ കണ്ണൻ. താനും എ സി മൊയ്തീൻ എംഎൽഎയുമാണ് എൻഫോഴ്സ്മെന്റിൻ്റെ ലക്ഷ്യം. നൂറ് ശതമാനം നിയമപരമായ കാര്യങ്ങൾ മാത്രമെ താൻ ചെയ്തിട്ടുള്ളു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് അറിയില്ലെന്നും തനിക്ക് ഒരു ബിനാമി അക്കൗണ്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
28 ന് ഹാജരാകാൻ ഇഡി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് ഹാജരാകും. പാർട്ടി പരിപാടിയുള്ളതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് ചെയ്യുമെന്നാണ് ഇ ഡി ഭീഷണി മുഴക്കിയത്. അടിയന്തരാവസ്ഥകാലത്ത് ഒന്നര വർഷം ജയിലിൽ കിടന്നയാൾ ആണ് താനെന്നും അറസ്റ്റിനെ ഭയമില്ലെന്നും പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ട്. ചോദിച്ച എല്ലാറ്റിനും മറുപടി നൽകിയിട്ടുണ്ട്. മൊഴികൾ അടിച്ചേൽപ്പിക്കുകയാണ് ഇഡി. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി യാതൊരു ബന്ധവും തനിക്കില്ല. തനിക്ക് ബിനാമി ഇടപാടുകളും ഇല്ല. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും കണ്ണൻ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ അരവിന്ദാക്ഷനെ ഇ ഡി ഉപദ്രവിച്ചിട്ടുണ്ട്. അരവിന്ദക്ഷനുമായി സഖാക്കൾ എന്ന നിലയിലുള്ള ബന്ധം മാത്രമാണുള്ളത്. അയാളുടെ വരുമാന മാർഗങ്ങളെ കുറിച്ച് തനിക്ക് അറിവില്ല. താൻ പ്രസിഡന്റായ തൃശൂർ സഹകരണബാങ്കിൽ നിയമാനുസൃത നിക്ഷേപമാണുള്ളത്. കള്ളപ്പണം വെളുപ്പിക്കലുമായി തന്റെ ബാങ്കിന് ഒരു ബന്ധവും ഇല്ല.
ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചു. രണ്ടു ഹാർട്ട് സർജറി കഴിഞ്ഞ തന്നോട് ആ പരിഗണന പോലും കാണിച്ചില്ല. പാർട്ടിയിൽ ഒറ്റലില്ല. തനിക്ക് പാർട്ടി എന്നും പരിഗണന തന്നിട്ടുണ്ടെന്നും എം കെ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.