പാറശ്ശാല: പ്രണയം നടിച്ച് വിഷം കലർത്തിയ കഷായം നൽകി ആൺസുഹൃത്ത് ഷാരോണിനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപി നേതാവായ അഭിഭാഷകൻ. ബിജെപിയുടെ കാഞ്ഞിരംകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: സുനീഷാണ് ഗ്രീഷമക്ക് വേണ്ടി ഹാജരായത്. കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മ 11 മാസത്തെ ജയിൽവാസത്തിനൊടുവിൽ ജാമ്യത്തിലിറങ്ങിയത്. ഷാരോൺ വധക്കേസിൽ ഉപാധികളോടെയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിൻ്റെ ബെഞ്ച് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്.
അതേസമയം മകന് നീതിലഭിക്കാൻ ഏതറ്റംവരെയും പോകുമെന്ന് ഷാരോണിൻ്റെ അച്ഛൻ ജയരാജ് പാറശാലയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് കുടുംബത്തിൻ്റെ പ്രതികരണം. മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിച്ചുകൂടാ. പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കണം. നീതി ഉറപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ജയരാജ് പറഞ്ഞു.