സഹകരണ ബാങ്കുകളിലെ നിക്ഷേപം കള്ളപ്പണമാണെന്നാരോപിച്ച് റെയ്ഡും വാർത്താ വിതരണവുമായി രംഗത്തിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിജെപി നടത്തിയ 54 കോടിയുടെ കുഴൽപ്പണ ഇടപാട് വെളുപ്പിക്കുന്നു. ഇതു സംബന്ധിച്ച കേസിൽ രണ്ടുവർഷം കഴിഞ്ഞിട്ടും ഇഡിക്ക് അനക്കമില്ല. ബിജെപി ഉന്നത നേതാക്കളുടെ അറിവോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും തദ്ദേശ തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.40 കോടിയുടെ കുഴൽപ്പണ ഇടപാട് നടന്നതായി കൊടകര കുഴൽപ്പണ കവർച്ചക്കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നു.
കള്ളപ്പണമിടപാട് അന്വേഷിക്കേണ്ട ചുമതല ഇഡിക്കായതിനാൽ വിശദമായ റിപ്പോർട്ട് കൊച്ചി എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് പൊലീസ് സമർപ്പിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന സൂചന ലഭിച്ചതിനാൽ തെരഞ്ഞെടുപ്പു കമീഷനും പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകി. എന്നാൽ, ഇതുവരെയും അന്വേഷണമില്ല. മാധ്യമങ്ങളിലും വാർത്തയില്ല.
കുഴൽപ്പണക്കടത്തിൻ്റെ വിശദാംശങ്ങളും അതിൽ ബിജെപി നേതാക്കളുടെ പങ്കും ഇരിങ്ങാലക്കുട ജൂഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസിപി വി കെ രാജു സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ഇതിന്റെ പകർപ്പ് ഇഡിക്ക് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ അറിവോടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ്റെ നേതൃത്വത്തിൽ ഒമ്പതുജില്ലകളിൽ പണംവിതരണം ചെയ്തെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ബിജെപി ഇറക്കിയ മൂന്നരക്കോടി കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൻ്റെ അന്വേഷണത്തിലാണ് 53.4 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തിയത്. തൃശൂരിലും കോന്നിയിലും കുഴൽപ്പണം ഇറങ്ങിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹവാല ഇടപാടുകാരനായ ധർമരാജനുമായി സുരേന്ദ്രൻ സംസാരിച്ചതിൻ്റെ ഫോൺ രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്തും പുറത്തുവന്നിരുന്നു.