കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനം അട്ടിമറിച്ച് പ്രതിപക്ഷ നേതാവ് പദവി തട്ടിയെടുത്ത വി ഡി സതീശൻ്റെ നെറികെട്ട നീക്കങ്ങൾ തുറന്നു കാണിച്ച് ഉമ്മൻ ചാണ്ടിയുടെ ആത്മകഥ “കാലം സാക്ഷി “. 21 കോൺഗ്രസ് എംഎൽഎ മാരിൽ ഭൂരിപക്ഷവും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവാകുമെന്ന് ചെന്നിത്തലയും ഉറപ്പിച്ചതാണ്. ഹൈക്കമാൻഡ് പ്രതിനിധികളായ കെ സി വേണുഗോപാൽ, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരോട് നേരിട്ട് സംസാരിച്ചപ്പോഴും ഡൽഹിയിൽ നിന്ന് ഒരു നിർദ്ദേശവും ഇല്ലെന്നായിരുന്നു മറുപടിയെന്ന് ഉമ്മൻ ചാണ്ടി രേഖപ്പെടുത്തുന്നു. എന്നാൽ ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേർന്നപ്പോൾ ചെന്നിത്തല പുറത്തായി. ഹൈക്കമാൻഡ് വി ഡി സതീശനെ നിർദ്ദേശിച്ചു. രമേശ് ചെന്നിത്തലയും ഖാർഗെയോട് തനിക്കു പകരം മറ്റേതെങ്കിലും പേരുണ്ടോയെന്ന് ഇന്ദിരാഭവനിൽ വെച്ച് ആരാഞ്ഞിരുന്നു. നിഷേധാർഥത്തിലായിരുന്നു മറുപടി. യോഗത്തിൽ 21 എം എൽ എ മാരിൽ ഭൂരിപക്ഷവും ചെന്നിത്തലയെ പിന്തുണച്ചിട്ടും അത് മറികടന്ന് സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
“ഹൈക്കമാൻഡിൻ്റെ ഇംഗിതം എന്തെന്ന് അറിയാൻ കെ സി വേണുഗോപാലിനെയും മല്ലികാർജുൻ ഖാർഗെയെയും കണ്ടിരുന്നു. ഹൈക്കമാൻഡിന് പ്രത്യേക താൽപര്യമില്ല എന്നാണ് അറിയിച്ചത്. അതേത്തുടർന്നാണ് രമേശിനെ പിന്തുണക്കാൻ തീരുമാനിച്ചത്. ഹൈക്കമാൻഡിന് മറിച്ചൊരു തീരുമാനമുണ്ടായിരുന്നു എന്നറിയിച്ചിരുന്നെങ്കിൽ അന്നത് വിവാദമാകില്ലായിരുന്നു ” ആത്മകഥയിലെ “പാഴായ ഭൂരിപക്ഷ പിന്തുണ ” എന്ന അധ്യായത്തിൽ (പേജ് 376 ) ഉമ്മൻ ചാണ്ടി രേഖപ്പെടുത്തുന്നു.
എംഎൽഎമാരുമായി കൂടിയാലോചനകൾ നടക്കുമ്പോൾ സതീശനും കൂട്ടരും അണിയറയിൽ ചെന്നിത്തലക്ക് ചതിക്കുഴി ഒരുക്കുകയായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. കെ സി വേണുഗോപാലിന് ഹൈക്കമാൻഡിലുള്ള സ്വാധീനമാണ് സതീശൻ ആയുധമാക്കിയത്. ചെന്നിത്തലയെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതെ സ്ഥിരം ക്ഷണിതാവാക്കി അപമാനിക്കാൻ കരുക്കൾ നീക്കിയതും സതീശനും വേണുഗോപാലും ചേർന്നാണ്. കെ സുധാകരൻ കെപിസിസി പ്രസിഡൻ്റായതും താനറിയാതെയാണെന്ന് ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനത്തോടുള്ള നീരസമാണ് ഉമ്മൻചാണ്ടി ആത്മകഥയിൽ പ്രകടിപ്പിക്കുന്നത്.
ആത്മകഥയിലെ വിവാദ അധ്യായം:
പാഴായ ഭൂരിപക്ഷ പിന്തുണ
“തോൽവി അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു. അതിൻ്റെ ഉത്തരവാദിത്വം എല്ലാവർക്കുമായിരുന്നു. ഫലം വന്നതിനു പിന്നാലെ, കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സന്നദ്ധത പ്രകടിപ്പിച്ചു. അത് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. പകരം സംവിധാനം ഉണ്ടാകുന്ന തുവരെ അദ്ദേഹത്തിനു കാത്തിരിക്കേണ്ടിവന്നു. നിയമസഭ ചേരുന്നതിനു മുമ്പ് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെയും കണ്ടെത്തണമായിരുന്നു. അദ്ദേഹമാണ് നിയമസഭയിൽ പ്രതിപക്ഷനേതാവാവുക. 99-41 ആണ് കക്ഷിനില. ആളെണ്ണത്തിൽ 2016നെക്കാൾ ദുർബലം. പാർട്ടിയെയും മുന്നണിയെയും സമർ ത്ഥമായി നയിക്കണം.
അക്കാര്യത്തിൽ ഗ്രൂപ്പ് പരിഗണനകൾക്കൊന്നും പ്രസക്തിയുണ്ടായിരുന്നില്ല. രമേശ് ചെന്നിത്തലയായിരുന്നു എൻ്റെ മനസ്സിൽ. എന്നാൽ വി.ഡി. സതീശനാണ് നറുക്കു വീണത്.
ഇതേസമയം ആരായിരിക്കണം പുതിയ കെ.പി.സി.സി. പ്രസിഡന്റ് എന്നുള്ള ചർച്ചയും പാർട്ടിയിലും മാധ്യമങ്ങളിലും നടക്കുന്നുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ സ്ഥാനതാത്പര്യക്കാർക്കുവേണ്ടിയുള്ള പോരാട്ടം കനക്കുന്നത് കൗതുകത്തോടെ കണ്ടുനിന്നു.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ ആരെയും നിർദ്ദേശിക്കാൻ നിന്നില്ല. പ്രതിപക്ഷനേതാവിൻ്റെ കാര്യത്തിൽ ഹൈക്കമാൻഡ് ആരെയെങ്കിലും താത്പര്യപ്പെടുന്നില്ലെങ്കിൽ രമേശ് അതായിരുന്നു എൻ്റെ തീരുമാനം. പക്ഷേ, നിറം പിടിച്ച കഥകൾക്ക് പഞ്ഞമുണ്ടായില്ല. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ്റെ നോമിനിയായ കെ.സി. ജോസഫിനെ രമേശ് പിന്താങ്ങുന്നു; അതിനുപകരം ഞാൻ അദ്ദേഹത്തെയും എന്നതായിരുന്നു അതിലൊന്ന്. എന്റെയോ ജോസഫിൻ്റെയോ രമേശിൻ്റെയോ അതിവിദൂരസ്വപ്നങ്ങളിൽപ്പോലും ഇങ്ങനെ ഒരു നിർദ്ദേശം ഉണ്ടായിരുന്നില്ല.
മെയ് 22നാണ് എം.എൽ.എമാരുടെ അഭിപ്രായം ആരായാൻ കേന്ദ്രപ്രതിനിധികൾ തിരുവനന്തപുരത്ത് എത്തുന്നത്. അതിനു മുമ്പ് ഹൈക്കമാൻഡിൻ്റെ മനസ്സിൽ എന്തെങ്കിലുമുണ്ടോ എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. അന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരുവനന്തപുരത്തെ വസതിയിലുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ അവിടെ ചെന്നു കണ്ടു. എന്തെങ്കിലും നിർദ്ദേശം ഡൽഹിയിൽ നിന്നുണ്ടോ എന്നു ചോദിച്ചു. ഇതുവരെ ഒന്നുമില്ല; എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചു പറയാം എന്നദ്ദേഹം മറുപടി നൽകി. വേണുഗോപാലിൽ നിന്ന് പിന്നെ ഇതു സംബന്ധിച്ച പ്രതികരണമൊന്നുമുണ്ടായില്ല.
എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചയുടെ ദിവസം ഞാൻ മസ്കോട്ട് ഹോ ട്ടലിലെ മുറിയിൽ ഹൈക്കമാൻഡ് പ്രതിനിധി മല്ലികാർജ്ജുന ഖർഗെയെ കണ്ടു. ദീർഘകാലമായി അറിയാവുന്ന ആളാണ്. മാന്യനും ശാന്തനുമായ വ്യക്തി. അദ്ദേഹത്തെ കാണുന്നതുവരെ അഭിപ്രായങ്ങൾ ഒന്നും പറയരുതെന്ന് സുഹൃത്തുക്കളായ എം.എൽ.എമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഒരു നിർദ്ദേശവുമില്ലെന്നും ആർക്കും ആരുടെ പേരും നിർദ്ദേശിക്കാമെന്നും ഖർഗെ പറഞ്ഞു. ഇതിനിടെ, തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസും എന്നെ വന്നുകണ്ടു. അവർക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടെന്നും അതു പ്രകടിപ്പിക്കാൻ അവസരം വേണമെന്നും പറഞ്ഞു. അക്കാര്യത്തിൽ ഒരു തടസ്സവുമുണ്ടായിരുന്നില്ല. ഖർഗെയെ കണ്ടശേഷമാണ് ഞങ്ങൾ രമേശിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.
ഇന്ദിരാഭവനിൽ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് രമേശ് ചെന്നിത്തലയും ഖർഗെ യോട് ചോദിച്ചു, ഹൈക്കമാൻഡിന് ആരുടെ കാര്യത്തിലെങ്കിലും താത്പര്യമുണ്ടോ എന്ന്. നിഷേധാർത്ഥത്തിലായിരുന്നു മറുപടി.
21-എം.എൽ.എമാരിൽ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ ഹൈക്കമാൻഡിന്റെ മനോഗതം വേറെയായിരുന്നു എന്നു വ്യക്തമാക്കിക്കൊണ്ട് വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ താത്പര്യം നേരത്തേ സൂചിപ്പിച്ചിരുന്നെങ്കിൽ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിക്കുമായിരുന്നു.
അതിനു പിന്നാലെ കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായി നിർദ്ദേ ശിച്ചു. എന്റെ അഭിപ്രായം ആരും ആരാഞ്ഞിരുന്നില്ല. കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷിനും ഒപ്പം വളരെ കുറച്ചുകാലം വർക്കിങ് പ്രസിഡന്റായിരുന്ന പ്രൊഫസർ കെ.വി. തോമസിനെ ഒഴിവാക്കി.
സുധാകരൻ ചുമതലയേറ്റയുടനെ പുതിയ ടീമിനെക്കുറിച്ചുള്ള ചർച്ച തുടങ്ങി. പുതിയ ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കുന്ന പ്രക്രിയ തുടങ്ങിയപ്പോൾ എന്നോടും രമേശ് ചെന്നിത്തലയോടും ആലോചിക്കുമെന്ന് ഉറപ്പുതന്നതാണ്. ഒരു റൗണ്ട് സംസാരിക്കുകയും ചെയ്തു. ഞങ്ങൾ ചില പേരുകൾ നിർദ്ദേശിച്ചു. ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കു ശേഷം വീണ്ടും സംസാരിക്കാമെന്ന വാക്കാണ് പ്രസിഡന്റ് തന്നിരുന്നത്. പക്ഷേ, അതുണ്ടായില്ല. ഡൽഹിയിൽ വെച്ചുതന്നെ ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടിക നൽകി. ഹൈക്കമാൻഡ് അത് അംഗീകരിക്കുകയും ചെയ്തു.
മതിയായ ചർച്ചകൾക്കു ശേഷമാണ് പട്ടിക തയ്യാറാക്കിയത് എന്ന് പി.സി.സി. പ്രസിഡന്റ് പറഞ്ഞപ്പോൾ പ്രതികരിക്കേണ്ടിവന്നു. വേണ്ടത്ര ആലോചന നടന്നിരുന്നില്ല എന്നു ഞാൻ പറഞ്ഞു. രണ്ടാം റൗണ്ട് ചർച്ച ഉണ്ടാവുമെന്നു പറഞ്ഞിട്ട് നടക്കാതെ പോയതിനെക്കുറിച്ചായിരുന്നു ആ പ്രതികരണം.