കേന്ദ്രസർക്കാർ വിഹിതം നൽകാത്തതിനാൽ പ്രതിസന്ധിയിലായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മുടക്കമില്ലാതെ തുടരാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി 81.57 കോടി രൂപ അനുവദിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മുടങ്ങില്ലെന്നും പദ്ധതി നിർത്തി വെക്കാൻ തീരുമാനമെടുക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
നടപ്പുസാമ്പത്തിക വർഷം പദ്ധതിക്കായി കേന്ദ്ര സർക്കാർ നൽകാനുള്ളത് 284.31 കോടി രൂപയാണ്. ആദ്യഗഡുവായ 170.59 കോടി രൂപ പോലും നൽകിയിട്ടില്ല. പദ്ധതി മുടങ്ങാതിരിക്കാൻ സംസ്ഥാന വിഹിതത്തിന്റെ പകുതി 81.57 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുവദിച്ചത്. ഇതുപയോഗിച്ച് ജൂൺ–ജൂലൈ മാസത്തെ മുഴുവൻ തുകയും ആഗസ്തിലെ ഒരു വിഹിതവും സ്കൂളുകൾക്ക് നൽകും. കേന്ദ്ര വിഹിതം ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുക വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
പാചക തൊഴിലാളികളുടെ ഓണറേറിയം : കേന്ദ്രം നിശ്ചയിച്ചത് ആയിരം രൂപ, കേരളം നൽകുന്നത് 13500 സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് കേന്ദ്ര വിഹിതം അറുന്നൂറ് രൂപയും സംസ്ഥാന വിഹിതം നാന്നൂറ് രൂപയും അടക്കം മാസം ആയിരം രൂപ മാത്രമാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ച ഓണറേറിയമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. എന്നാൽ കേരളം പാചക തൊഴിലാളികൾക്ക് പ്രതിമാസം നൽകുന്നത് 12,000 മുതൽ 13, 500 രൂപ വരെയാണെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര വിഹിതം ലഭിക്കാത്ത പശ്ചാത്തലത്തിൽ പ്രതിമാസ കേന്ദ്ര – സംസ്ഥാന വിഹിതമായ ആയിരം രൂപ മാറ്റി നിർത്തി ബാക്കിയുള്ള തുക ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമായി സംസ്ഥാന സർക്കാർ പാചക തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. മൊത്തം 13,611 തൊഴിലാളികൾക്ക് ഈ ആനുകൂല്യം നൽകിയെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ പാചക തൊഴിലാളികൾക്ക് മാസം ആയിരം രൂപ വേതനമാണ് കേന്ദ്രം നിശ്ചയിച്ചത്. സംസ്ഥാന സർക്കാർ 13,500 രൂപവരെ നൽകുന്നുണ്ട്. കേന്ദ്രം നിശ്ചയിച്ച തുക മാറ്റിനിർത്തി ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ വേതനം നൽകി. 13,611 തൊഴിലാളികൾക്ക് ആനുകൂല്യം നൽകിയെന്നും മന്ത്രി അറിയിച്ചു.