തിരുവനന്തപുരം എല്‍ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ചേര്‍ന്ന് സ്വന്തമായി നിര്‍മ്മിച്ച വിമണ്‍ എന്‍ജിനീയേര്‍ഡ് സാറ്റലൈറ്റ് ‘വിസാറ്റ്’ വിക്ഷേപണത്തിന്റെ അവസാനവട്ട മിനുക്കുപണിയിലാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. വനിതാ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ നിര്‍മ്മിച്ച സാറ്റലൈറ്റ് ലോകത്തിന് മാതൃകയാണെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
‘വളയിട്ട കൈകളിലൂടെ ഒരു സാറ്റലൈറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ഐ എസ് ആര് ഒ , നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിക്കൊണ്ട്..
തിരുവനന്തപുരം എല്‍ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ചേര്‍ന്ന് സ്വന്തമായി നിര്‍മ്മിച്ച വിമണ്‍ എന്‍ജിനീയേര്‍ഡ് സാറ്റലൈറ്റ് ‘വിസാറ്റ്’ വിക്ഷേപണത്തിന്റെ അവസാനവട്ട മിനുക്കുപണിയിലാണ്.
അസി.പ്രൊഫസര്‍ ഡോ.ലിസി എബ്രഹാമിന്റെ നേതൃത്വത്തില്‍ കോളേജിലെ സ്പെയ്സ് ക്ലബ്ബില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥിനികളുടെ മൂന്നുവര്‍ഷത്തെ നിരന്തര അധ്വാനത്തിന്റെ ഫലമാണ് ഈ അഭിമാന നേട്ടം.
ക്യാമ്പസ്സില്‍ വച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം. പിന്നീട് വിക്രം സാരാഭായി സ്പേസ് സെന്ററില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബഹിരാകാശത്തിലെയും അന്തരീക്ഷത്തിലെയും അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രത അളക്കുകയും അത്തരം വികിരണങ്ങള്‍ കേരളത്തിന്റെ ഉഷ്ണതരംഗത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയുമാണ് സാറ്റലൈറ്റിന്റെ ദൗത്യം. വിവരങ്ങള്‍ വിലയിരുത്തി നിഗമനങ്ങളില്‍ എത്താന്‍ ക്യാമ്പസില്‍ ഗ്രൗണ്ട് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
ഐ എസ് ആര് ഒ യുടെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ നവംബറില്‍ ശ്രീഹരി കോട്ടയില്‍ നിന്ന് പിഎസ് എല്‍വി ദൗത്യത്തിന്റെ ഭാഗമായി ‘വിസാറ്റ്’ കുതിച്ചുയരും.
വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം എന്ന വിശേഷണത്തിന് പുറമെ
പൂര്‍ണമായും വനിതകളുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റായ വിസാറ്റ് ലോകത്തിനു മുന്നില്‍ മറ്റൊരു മാതൃക തീര്‍ക്കുകയാണ്.
ആകാശത്തിന്റെ അതിരുകള്‍ കടക്കാനും പറന്നുയരാനും കൊതിച്ച ഒരു കൂട്ടം വനിതകളുടെ സ്വപ്നം ചിറകുവിരിച്ചുയരട്ടെ.
ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഈ പെണ്‍കരുത്തിനും എല്ലാ പിന്തുണയുമായി ഒപ്പം നിന്ന കലാലയ സമൂഹത്തിനൊന്നാകെയും നിറഞ്ഞ അഭിനന്ദനങ്ങള്‍.
അഭിമാനം ‘ .