മംഗളൂരു: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐക്ക് വിജയം. ഇതോടെ എസ്ഡിപിഐയുടെ ടി. ഇസ്മയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.
24 അംഗ പഞ്ചായത്തിൽ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോൺഗ്രസ് – 1 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല.
ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകൾ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാർഥികൾക്കും 11 വീതം വോട്ടുകൾ ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പിൽ ഇസ്മയിൽ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു.