തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രിയും ഓഫീസ് സേവനങ്ങളും അത്ഭുതപ്പെടുത്തിയെന്ന് യുവ സംരംഭകയുടെ കുറിപ്പ്. പ്രതിസന്ധികള്‍ വേട്ടയാടിയെത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയില്‍ വ്യവസായ വകുപ്പില്‍ നിന്നുണ്ടായ സഹായങ്ങള്‍ പറഞ്ഞാണ് അന്‍സിയ തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഉമ്മീസ് നാച്യുറല്‍സ് കമ്പനിയുടെ സി ഇ ഒ ആണ് അന്‍സിയ. ഭരണകൂടവും , എല്ലാ ഉദ്ദോഗസ്ഥരും , എതിരാണെന്നുള്ള മുന്‍വിധി നമ്മള് മാറ്റിവെക്കണമെന്നു, ‘ഇത് സംരംഭകരുടെ കാലമാണ്, ഇവര്‍ നമുക്കൊപ്പമുണ്ടെന്നും അന്‍സിയ അവരുടെ അനുഭവത്തില്‍ നിന്നും കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
കഴിഞ്ഞ ജനുവരി അവസാന ആഴ്ച്ച മുതല്‍ ഞാന്‍ കേട്ട ചോദ്യം, ഒന്ന് മാത്രമായിരുന്നു .
എന്താണ് എനിക്ക് സംഭവിച്ചത് ?
എവിടെയും മറുപടി പറയാതെ ഞാനോടുകയായിരുന്നു ..
അതൊരിക്കലും ഞാന്‍ നിന്നവിടത്തേക്ക് തന്നെ എത്താനായിരുന്നില്ല , എവിടെനിന്നു അവസാനിപ്പിചുവോ അതിനേക്കാള്‍ ഉയരങ്ങളിലേക്കായിരുന്നു ഈ ഓട്ടം .
ഈ കുറിപ്പ് ആരോടും ഉള്ള നന്ദി പറച്ചിലുമല്ല , പരിഭവുമല്ല .
നമുക്ക് കിട്ടേണ്ട അവകാശങ്ങള്‍ നേടാനും , നേടിയെടുക്കാനും നേരായ മാര്‍ഗ്ഗമാണ് നമ്മുടെ യാത്രയെങ്കില്‍ കൂടെ നേരായ സംവിധാനവും ,സഹായിക്കണം എന്ന് മനസുള്ള കുറേ ആളുകളും ഈ ഭരണകൂടത്തിന്റെ ഭാഗമായി ഉണ്ട് എന്ന ഓര്‍മപ്പെടുത്തലാണ് .
നാലു വര്‍ഷമായി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെയും , സംരഭത്തിന്റെയും ഉടമയാണ് ഞാന്‍ (‘UMMEES NATURALS’ ആയുര്‍വ്വേദ ട്രഡീഷണല്‍ കോസ്മെറ്റിക്സ് സൗന്ദര്യ , സംരക്ഷണ വര്ദ്ധനവസ്തുക്കള് )ഈ കഴിഞ്ഞ കാലമത്രയും 1.50കോടി ടേണ്‍ ഓവറും അതില്‍ 80%ജോലി ചെയ്യുന്നത് സ്ത്രീകളുമാണ് .അതെ ഇതൊരു സംരംഭത്തില്‍ സാധാരണ കണക്ക് തന്നെയാണ് ,എന്നാല്‍ 19വയസ്സുള്ള , ബിസിനസ്സോ ,ബിസിനസ്സ് പാരമ്പര്യമോ ഇല്ലാത്ത ഒരു പെണ്‍കുട്ടിക്ക് ഈ വിജയം കൈവരിക്കുക എന്നത് വലിയ കഠിനാധ്വാനത്തിന്റെ നാളുകളിലൂടെയായിരുന്നു . അതുകൊണ്ട് തന്നെ ഈ സംരംഭം ഒരു സുപ്രഭാതത്തില്‍ അടച്ചിടേണ്ടി വന്നപ്പോള്‍ അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു .അതുകൊണ്ട് തന്നെയാണ് വളഞ്ഞ വഴികള്‍ സ്വീകരിക്കാതെ നേരിട്ട് തിരുവനന്തപുരത്തേക് ആ രാത്രി തന്നെ വണ്ടി കേറാന്‍ ഞാന്‍ തീരുമാനിച്ചത് .9 ദിവസങ്ങള്‍ ഞാന്‍ പല വാതിലുകളും മുട്ടിയെങ്കിലും , എത്തേണ്ടിടത്ത് എത്താന്‍ വൈകിയതിന് കാരണം ഇന്ന് നമ്മള് ഓരോരുത്തരുടെയും ചിന്താഗതി തന്നെയാണ് . ‘പിടിപാടുകളൊന്നും ഇല്ലാതെ മുകളിലേക്ക് എത്താന്‍ പറ്റില്ല എന്ന ആ പഴയ ചിന്ത തന്നെ ‘.
ഒരല്പം പോലും പ്രതീക്ഷയില്ലാതെ ഒരു സംരംഭക എന്ന നിലയില്‍ ഞാന്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു ഇ-മെയില്‍ ആയി ബഹു :മന്ത്രി പി . രാജീവ് (വ്യവസായ വകുപ്പ് ) അയക്കാന്‍ എനിക്ക് തോന്നിയ നിമിഷമാണ് എന്റെ പ്രശ്ന പരിഹാരത്തിനുള്ള വഴിത്തിരിവ്. കുന്നോളം കെട്ടി കിടക്കുന്ന ഇ-മെയിലുകള്‍ക്കിടയില്‍ മൂടിപ്പോകുമായിരിക്കാം എന്നു കരുതിയ ഒന്നാണത് . പക്ഷെ 2മണിക്കൂറുകള്‍ക്ക് ശേഷം കാര്യകാരണങ്ങള്‍ അനേഷിച്ചുകൊണ്ട് മന്ത്രിയുടെ ഓഫീസില്‍ നിന്നും വന്ന റിപ്ലൈ മെയില്‍ അതെന്നെ അത്ഭുതപ്പെടുത്തി ! മാത്രമുമല്ല എന്നേക്കാള്‍ ഉത്തരവാദിത്യത്തോടെ ഈ പ്രശ്നപരിഹാരത്തിന് കൂടെ നില്ക്കാന് തയ്യാറായ പല ഗവണ്മെന്റ് മേഖലയില്‍ നിന്നുള്ള ഒരു കൂട്ടം ഉദ്ദേഗസ്ഥരെ കാണാനും അതിനുശേഷം സാധിച്ചു .പഞ്ചായത്ത് , വ്യവസായ വകുപ്പ് , മുന്‍സിപ്പാലിറ്റി , ഡി ഐ സി ,മന്ത്രിയുടെ പി എ ഇവടെന്നെല്ലാം തുരുതുരാ കോള്‍സ് വരാന്‍ തുടങ്ങി. ഞാന്‍ നേരിട്ട പ്രശ്നങ്ങള്‍ തീരുന്നത് വരെയും അത് തുടര്‍ന്നു എന്നതും എടുത്ത് പറയുന്നു .കഴിഞ്ഞ 9ദിവസവും എനിക്ക് കൊട്ടിയടക്കപെട്ട പലവാതിലുകളും പിന്നീട് തുറക്കുന്നതായി എനിക്ക് മനസിലായി . പക്ഷേ നഷ്ടപ്പെടാന്‍ ഒരു സെക്കന്റ് പോലും സമയം ഇല്ലാത്ത വലിയ കടക്കെണിയിലേക്ക് ഞാനും എന്റെ കുടുംബവും വഴുതിമാറുന്നത് നിമിഷങ്ങള്‍ കൊണ്ടാണെന്നു ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു .
പിന്നെ ഒട്ടും പരിഭ്രമിക്കാതെ മിനിസ്റ്റര്‍ പി എ വിളിക്കുകയും , അദ്ദേഹത്തെ കാണാന്‍ ഒരു അവസരം നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു . രാവിലെ 9.15മാ എത്താന്‍ ആവശ്യപ്പെട്ടു . ആ സമയത്തു തന്നെ എത്തുകയും ചെയ്തു . അദ്ദേഹത്തെ കാണാന്‍ എന്നെ പോലെ തന്നെ പലരും ഉണ്ടായിരുന്നു . വീണ്ടും അത്ഭുതപ്പെടുത്തിയത് രണ്ടു കാര്യങ്ങള്‍ ആയിരുന്നു . ഒട്ടും കാത്തു നില്പിക്കാതെ ആദ്യം എന്നെ താന്നെ അദ്ദേഹം വിളിപ്പിച്ചു . കയറിച്ചെന്ന ഞാന്‍ കാണുന്നത് എന്റെ പ്രശ്നപരിഹാരത്തിന് തീരുമാനങ്ങള്‍ എടുക്കാന്‍ കെല്പുള്ള എല്ലാ ഉദ്യോഗസ്തരും എനിക്ക് മുമ്പേ അവിടെ എത്തി എന്ന് മാത്രമല്ലാ , എനിക്ക് പറയാനുള്ളത് എല്ലാവരുടെയും മുന്നില്‍ വച്ച് പറയാന്‍ അനുവദിച്ച്, എന്റെ മുന്നില്‍ വച്ച് തന്നെ പ്രശ്ന പരിഹാരങ്ങള്‍ അനേഷിച്ചറിഞ്ഞ് മന്ത്രി പറഞ്ഞ വാക്കുകള്‍ ഏത് സാദാരണകാരനിലും നാടിനോടുള്ള വിശ്വാസവും , പ്രതീക്ഷയും നല്കുന്ന ഒന്നായിരുന്നു . ‘12.30 ക്കുള്ളില് ഞാന്‍ മറ്റൊരു പരിപാടിക്കായി ഇറങ്ങും ,അതിനുമുന്‍പായ് ഈ കുട്ടിയുടെ എല്ലാ പേപ്പേഴ്സ് ഒന്ന് പാസ്സ് ആക്കി എത്തിച്ചേക്കു ‘
ഇതായിരുന്നു ആ വാക്കുകള്‍
എന്നെപ്പോലെ സ്വപ്നങ്ങള്‍ കാണുന്ന ,പാതിവഴിക്ക് പലതും ഉപേക്ഷിച്ച ,ഇന്നും നേരായ വഴികളിലൂടെ പോകാന്‍ ഭയപെടുന്നവര്‍ക്കായി ഞാന്‍ പറയട്ടെ ?
പഴിചാരുന്നതിനു മുമ്പ് നമുക്കായി തുറന്നിട്ട വാതിലുകളിലേക്ക് എത്താന്‍ ശെരിയായ ശ്രമങ്ങള്‍ നടത്തണം
ഭരണകൂടവും , എല്ലാ ഉദ്ദോഗസ്ഥരും , എതിരാണെന്നുള്ള മുന്‍വിധി നമ്മള് മാറ്റിവെക്കണം !
‘ഇത് സംരംഭകരുടെ കാലമാണ്
ഇവര്‍ നമുക്കൊപ്പമുണ്ട് ‘