മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തുനിന്ന് കൂറുമാറിയ അജിത് പവാർ ഉൾപ്പടെ എല്ലാവരും ഇ ഡി ഭീഷണി നിലവിലുള്ളവരാണെന്നും മടിയിൽ കനമുള്ളതുകൊണ്ട് അവർക്ക് കീഴടങ്ങാതെ നിവൃത്തിയില്ലെന്നും അശോകൻ ചരുവിൽ. അവിടെയാണ് പ്രതിപക്ഷനിരയിലെ ഇടതുപക്ഷരാഷ്ട്രീയം തിളങ്ങി നിൽക്കുന്നത്. കേരളത്തിലെ ഇടതുമുന്നണി സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ സർവ്വ സന്നാഹങ്ങളുമായിട്ടാണ് ഇ ഡിയും മറ്റു കേന്ദ്ര ഏജൻസികളും വന്നത്. മടിയിൽ കനമില്ലത്തതു കൊണ്ടും കള്ളക്കേസുകളെ ഭയമില്ലാത്തതു കൊണ്ടുമാണ് ഇടതു നേതാക്കൾക്ക് അചഞ്ചലരായി നിൽക്കാൻ കഴിയുന്നതെന്നും അശോകൻ ചരുവിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്ന് :
“രാജ്യം ഭരിക്കുന്ന ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തെ മലിനമാക്കുകയാണ്. മാലിന്യത്തിൽ മാത്രമേ രോഗാണുക്കൾക്കും വർഗ്ഗീയരാഷ്ട്രീയത്തിനും വളരാനാവൂ എന്നവർക്ക് അറിയാം. മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തുനിന്ന് കൂറുമാറിയ അജിത് പവാർ ഉൾപ്പടെ എല്ലാവരും ഇ ഡി ഭീഷണി നിലവിലുള്ളവരാണ്. മടിയിൽ കനമുള്ളതുകൊണ്ട് അവർക്ക് കീഴടങ്ങാതെ നിവൃത്തിയില്ല. ഇ ഡിയെ ഉപയോഗിച്ചുള്ള ഭീഷണിയും ഭീകരതയും ഇന്ത്യ മുഴുവൻ കേന്ദ്രസർക്കാർ പ്രയോഗിക്കുന്നുണ്ട്.
രാഷ്ട്രീയപ്രവർത്തകരെ മാത്രമല്ല മാധ്യമമുതലാളിമാരെയും ഇങ്ങനെ വരുതിയിലാക്കിയിട്ടുണ്ട്. കുറ്റം ചെയ്തവർ മാത്രമല്ല; ആരോപണങ്ങളേയും കേസിനേയും അറസ്റ്റിനേയും നേരിടാൻ കരുത്തില്ലാത്ത ഭീരുക്കളും വിധേയപ്പെടുന്നുണ്ട്. അവിടെയാണ് പ്രതിപക്ഷനിരയിലെ ഇടതുപക്ഷരാഷ്ട്രീയം തിളങ്ങി നിൽക്കുന്നത്. കേരളത്തിലെ ഇടതുമുന്നണി സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ സർവ്വ സന്നാഹങ്ങളുമായിട്ടാണ് ഇ ഡിയും മറ്റു കേന്ദ്ര ഏജൻസികളും വന്നത്. ഒരു കള്ളക്കടത്തുകാരിയെ ഉപകരണമാക്കി ബിരിയാണിച്ചെമ്പ്, ഖുറാൻ, ഈത്തപ്പഴത്തിൻ്റെ കുരു എന്നിങ്ങനെ ആരോപണങ്ങൾ ഉന്നയിച്ചു. പരിഹാസ്യമായ ആരോപണങ്ങൾ തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ
എൽഡിഎഫിന് ഗുണമാവുകയാണുണ്ടായത്. ആരോപണങ്ങൾ ഏറ്റുപറഞ്ഞ
യുഡിഎഫിനെ ജനങ്ങൾ ശിക്ഷിച്ചു.
മടിയിൽ കനമില്ലത്തതു കൊണ്ടും കള്ളക്കേസുകളെ ഭയമില്ലാത്തതു കൊണ്ടുമാണ് ഇടതു നേതാക്കൾക്ക് അചഞ്ചലരായി നിൽക്കാൻ കഴിഞ്ഞത്. കേസും അറസ്റ്റും കസ്റ്റഡിയും മർദ്ദനവുമൊന്നും അവർക്ക് പുതിയ അനുഭവമല്ലല്ലോ. അടിയന്തിരാവസ്ഥാ കാലത്ത് എംഎൽഎ ആയിരിക്കുമ്പോഴാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കോൺഗ്രസ് സർക്കാർ ലോക്കപ്പിലിട്ട് കൊല്ലാക്കൊല ചെയ്തത്. ത്യാഗസന്നദ്ധമായ സാമൂഹ്യ പ്രവർത്തനത്തിൻ്റെ പേരാണ് ഇടതുപക്ഷ രാഷ്ട്രീയം എന്നത്. ചെറിയ വിഭാഗമാണെങ്കിലും ഇന്ത്യയിലെ പ്രതിപക്ഷനിരയിൽ അവർ തിളങ്ങി നിൽക്കുന്നത് അതുകൊണ്ടാണ്. “