കുറെ ദിവസങ്ങളായി ‘മലയാള മനോരമ’ പത്രം പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽ ലിമിറ്റഡു (കെഎംഎംഎൽ)മായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് കെഎംഎംഎൽ മാനേജ്‌മെന്റ്. കെഎംഎംഎല്ലിലെ ഡയറക്ടർ ബോർഡ് നോട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് കമ്പനി മാനേജ്‌മെന്റ് പരാതി നൽകിയത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കെഎംഎംഎൽ പോലെ തന്ത്രപ്രധാന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ ഡയറക്ടർ ബോർഡ് നോട്ട് ചോർത്തിയതും പത്രത്തിൽ പ്രസിദ്ധീകരിച്ചതും അത്യന്തം ഗൗരവമായാണ് കാണുന്നത്. അതിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ മുന്നോട്ടുവന്നത്.
കഴിഞ്ഞ മാസം വിരമിച്ച നിയമകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ വീണ്ടും നിയമിക്കാൻ വേണ്ടിയാണ് ബോർഡ് നോട്ട് തയ്യാറാക്കിയതെന്നത് വസ്‌തുതകൾക്കു നിരക്കാത്തതാണ്. കമ്പനിയിൽനിന്നു ചോർത്തി നൽകിയ നോട്ടിൽ വിരമിക്കുന്ന ഉദ്യോഗസ്ഥനു പകരം 40 വയസ്സിനു താഴെയുള്ള നിയമവിദഗ്‌ധരെ കണ്ടെത്തി നിയമിക്കണം എന്നായിരുന്നു. ഈ തീരുമാനത്തിനായി വിട്ട നോട്ടാണ് വസ്തുതാവിരുദ്ധമായി പത്രം വളച്ചൊടിച്ച് അവതരിപ്പിച്ചത്. ഈ നടപടിയും സംശയം ഉളവാക്കുന്നു. നേരത്തെയും കമ്പനിക്കെതിരെ മനോരമ നിരന്തരം വസ്‌തുതാവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വഴി താൽക്കാലിക അടിസ്ഥാനത്തിൽ പുതിയ ആളെ കണ്ടെത്തി നിയമിക്കാനായിരുന്നു ബോർഡ് തീരുമാനം. അതിൻ്റെ അടിസ്ഥാനത്തിൽ പരീക്ഷയും അഭിമുഖവും നടത്തി റാങ്ക്‌ലിസ്റ്റ് സിഎംഡി പ്രസിദ്ധീകരിക്കുകയും നിയമന ഉത്തരവ് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, ലീഗൽ ഓഫീസറായി തെരഞ്ഞെടുത്ത ഉദ്യോഗാർഥിക്ക് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടിനൽകി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനം നൽകാൻ കഴിയാത്തത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് വകുപ്പുതല നടപടികളും നിയമനടപടികളും കൈക്കൊള്ളുമെന്നും കെഎംഎംഎൽ മാനേജ്‌മെന്റ് അറിയിച്ചു.