തിരുവനന്തപുരം: കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന് എരിവ് പകര്‍ന്ന് സോളാര്‍ ‘മസാല കഥ’ വിവാദവും. പുന:സംഘടനാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് മുന്‍ ഡിജിപി എ ഹേമചന്ദ്രന്റെ സര്‍വീസ് സ്റ്റോറിയിലെ വിവാദ പരാമര്‍ശങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് തിരികൊളുത്തിയത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെയാണ് ജസ്റ്റിസ് ജി ശിവരാജനെ ജുഡീഷ്യല്‍ അന്വേഷണ കമീഷനായി നിയോഗിച്ചത്. കമീഷന് റിപ്പോര്‍ട്ട് വാള്യങ്ങള്‍ വരും. ഉമ്മന്‍ ചാണ്ടി അടക്കം കൊച്ചിയില്‍ കമീഷനു മുന്നില്‍ ഹാജരായി മൊഴി നല്കി. മുന്‍ മന്ത്രി സി ദിവാകരന്റെ ആത്മകഥയിലെയും ഹേമചന്ദ്രന്റെ സര്‍വീസ് സ്റ്റോറിയിലെയും പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വന്‍ വിവാദമാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.
അവസരം കിട്ടിയിട്ടും വി ഡി സതീശന് സോളാര്‍ കേസ് ഉപയോഗിച്ചില്ലെന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. സോളാര്‍ കേസിലെ അറസ്റ്റിന്റെ പേരില്‍ തന്നെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സംശയിച്ചതും ഒറ്റപ്പെടുത്തിയതും തെറ്റായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നു. പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകളെ ചവിട്ടിത്താഴ്ത്തി നേട്ടമുണ്ടാക്കിയ സതീശനെതിരെ കിട്ടിയ അവസരം ഉപയോഗിക്കുകയാണ് ഗ്രൂപ്പ് നേതാക്കള്‍.
വി ഡി സതീശനും കെ സി വേണുഗോപാലും കെ സുധാകരനും അടങ്ങുന്ന നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് എ, ഐ നേതാക്കള്‍ അവസരം ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഏറ്റുമുട്ടലും കൂട്ടരാജിയുമൊക്കെ അരങ്ങേറുകയാണ്. അതിനിടയ്ക്കാണ് സോളാര്‍ മസാല വിവാദം ദിവസവും വാര്‍ത്താസമ്മേളനം വിളിക്കുന്ന വി ഡി സതീശന് സോളാറിനെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് ചോദിക്കുന്നു.
കോണ്‍ഗ്രസില്‍നിന്ന് തനിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍നിന്ന് തടിയൂരാനാണ് തിരുവഞ്ചൂര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും ഓഫീസിലെ ജീവനക്കാരനുമായിരുന്ന ടെനി ജോപ്പനെ സോളാര്‍ കേസില്‍ അറസ്റ്റ് ചെയ്തത് താന്‍ അറിഞ്ഞില്ലെന്ന് സ്ഥാപിക്കലാണ് തിരുവഞ്ചൂരിന്റെ ലക്ഷ്യം. എന്നാല്‍, ഇക്കാര്യം പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കെ സി ജോസഫോ മറ്റ് എ ഗ്രൂപ്പ് നേതാക്കളോ തയ്യാറായിട്ടില്ല. ഉമ്മന്‍ ചാണ്ടി ഭരണമികവിനുള്ള പുരസ്കാരം വാങ്ങി ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തിയ ദിവസമാണ് ടെനി ജോപ്പനെ സോളാര്‍ കേസില്‍ അറസ്റ്റു ചെയ്യുന്നത്. അത് ഫോണ്‍ രേഖകളുടെയും മറ്റും അടിസ്ഥാനത്തിലായിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ജോപ്പന്റെ അറസ്റ്റിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വെച്ചുള്ള വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു എന്ന് അന്ന് കോണ്‍ഗ്രസിലും യു ഡി എഫിലും അഭിപ്രായമുയര്‍ന്നു. ആഭ്യന്തര മന്ത്രി അറിയാതെയാണ് ജോപ്പനെ അറസ്റ്റ് ചെയ്തതെന്ന് അന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന ഹേമചന്ദ്രന് അവകാശപ്പെടുന്നുണ്ട്. അത് തിരുവഞ്ചൂരിനെ വെള്ളപൂശാനുള്ള നീക്കമായേ കോണ്‍ഗ്രസുകാര്‍ കാണുന്നുള്ളൂ. അന്നത്തെ മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് മന്ത്രിമാരുടെയും ഓഫീസുകള്‍ മുതല്‍ ഔദ്യോഗിക വസതികള്‍ വരെ പരന്നു കിടക്കുന്നതാണ് സോളാര്‍ മസാലക്കഥകള്‍. പല കോണ്‍ഗ്രസ് എം എല്‍ എ മാരും എംപി മാരുമൊക്കെ ഇതില്‍ മുഖ്യ കഥാപാത്രങ്ങളായി നാണം കെട്ടവരാണ്. ഇതൊക്കെ കമീഷന് റിപ്പോര്‍ട്ടില്‍ നല്ല രേഖയായി കിടപ്പുണ്ട്. കമീഷനെ പഴിച്ച് മാനക്കേട് മാറ്റാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം