തിരുവനന്തപുരം: കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എ എ റഹിം എംപി. ഏതു വിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിൻ്റെ സമീപനം. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടർച്ചയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെസ്ബുക്ക് കുറിപ്പ്:
ഇത് കേരളത്തെ തകർക്കാനുള്ള
ബിജെപിയുടെ രാഷ്ട്രീയ നീക്കം.
കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടർച്ചയാണ്. ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറൽ തത്വങ്ങൾക്കെതിരാണ് കേരളത്തോടുള്ള ഈ വിവേചനം.
ഏതു വിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിൻ്റെ സമീപനം. സംസ്ഥാനത്തിനുള്ള ഗ്രാന്റുകളും, വായ്പകളും, വികസനവും തുടർച്ചയായി നിഷേധിക്കുകയാണ്.
ഈ സാമ്പത്തിക വർഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഗ്രാന്റിനത്തിൽ 10,000 കോടി വെട്ടിക്കുറച്ചതിന് പിന്നാലെയാണിത് എന്നു കൂടി ഓർക്കണം.
സർക്കാർ ഗ്യാരണ്ടി മാത്രം നൽകിയ കിഫ്ബി, പെൻഷൻ ഫണ്ട് തുടങ്ങിയവ വഴിയുളള കടമെടുപ്പ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാറിൻ്റെ വിചിത്രമായ നടപടിയെന്നാണ് പുറത്ത് വരുന്ന വിവരം. സമാനമായ രീതി അവലംബിച്ച ,ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിൻ്റെ ഒരു രൂപ പോലും കേന്ദ്രസർക്കാർ വെട്ടി കുറച്ചിട്ടില്ല.ഇതിൽ നിന്നുതന്നെ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്രസർക്കാരിൻ്റെ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്.
കേരളത്തിലെ വികസന,ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് സാമ്പത്തികമായി നമ്മളെ ഞെരുക്കുന്നത്. ഒരേസമയം ജനക്ഷേമവും വികസന പ്രവർത്തനങ്ങളും ഒന്നിച്ചു കൊണ്ടു പോകുന്ന സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിൻ്റെ ഈ സമീപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കേന്ദ്രത്തിൻ്റെ ഈ വെല്ലുവിളികളെയെല്ലാം കേരളം അതിജീവിക്കുക തന്നെ ചെയ്യും . അതിനുള്ള ഇച്ഛാശക്തിയുള്ള ഗവൺമെൻറ് ആണ് കേരളം ഭരിക്കുന്നത്, പ്രളയവും കോവിഡും ഒരുമിച്ചു നിന്ന് അതിജീവിച്ച ജനതയാണ് കേരളത്തിന്റേത്. ബിജെപിയുടെ ഈ നീചമായ രാഷ്ട്രീയനീക്കത്തെയും കേരളം ഒറ്റക്കെട്ടായി അതിജീവിക്കും, നമ്മൾ മുന്നേറും.
അതേസമയം കേന്ദ്രസർക്കാർ വർഷം സംസ്ഥാനത്തിന് കടമെടുക്കാവുന്ന പരിധിയിൽനിന്ന് 54 ശതമാനമാണ് വെട്ടിക്കുറച്ചത്. വ്യവസ്ഥ പ്രകാരം 33,420 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. ഇതിൽ 15,390 കോടി രൂപ എടുത്താൽ മതിയെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച ഉത്തരവിറങ്ങി. കേന്ദ്രത്തിൻ്റെ പകപോക്കൽ സംസ്ഥാനത്തിൻ്റെ ക്ഷേമപ്രവർത്തനങ്ങളെ മാത്രമല്ല, വാർഷിക പദ്ധതിയെയും തകർക്കും. കഴിഞ്ഞവർഷം 32,437 കോടി രൂപയുടെ അർഹതയുണ്ടായിട്ടും 23,000 കോടിയാണ് അനുവദിച്ചത്. ഇത് വർധിപ്പിക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ് ഇരട്ടിപ്രഹരം.
റവന്യു കമ്മി ഗ്രാന്റിലെ 8425 കോടി രൂപ കുറവിനു പുറമെയാണിത്. സംസ്ഥാന പദ്ധതി അടങ്കൽ 22,122 കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കൽ 8258 കോടിയും. കേന്ദ്ര വിഹിതവും ചേർത്ത് മൊത്തം 38,629 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തവണ മാർച്ചിൽത്തന്നെ പൂർണ ബജറ്റ് പാസാക്കി. ഏപ്രിൽ ഒന്നുമുതൽ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇതെല്ലാം അവതാളത്തിലാക്കുന്നതാണ് കേന്ദ്ര തീരുമാനം. ക്ഷേമാനുകൂല്യങ്ങളെല്ലാം തടസ്സപ്പെടും. സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണത്തെയും ബാധിക്കും. നിലവിൽ കുടിശ്ശിക വിതരണത്തിനുതന്നെ 2700 കോടി രൂപ വേണം. നെല്ല് സംഭരണ കുടിശ്ശിക 870 കോടിയുണ്ട്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്കടക്കം അധ്യയന വർഷാരംഭത്തിൽത്തന്നെ ഇ–- ഗ്രാന്റ്സ് നൽകാൻ 250 കോടി രൂപവേണം. ഇത്തരം അടിയന്തര ആവശ്യങ്ങളെ എല്ലാം ഇത് ബാധിക്കും.