തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നും വ്യവസായങ്ങളുടെ വളർച്ചയ്ക്കുതകുന്ന അന്തരീക്ഷം ഇവിടെയില്ലെന്നുമുള്ള വ്യാജപ്രചാരണങ്ങൾക്ക് ശക്തമായ മറുപടിയായി സംരംഭക വർഷം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പദ്ധതിയുടെ രണ്ടാമത്തെ പതിപ്പിന് തുടക്കം കുറിച്ചാണ് കുപ്രചരണങ്ങൾക്ക് എൽഡിഎഫ് സർക്കാർ മറുപടി നൽകുന്നത്.
ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും മൂന്നു ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാനുമാണ് സംരംഭക വർഷം 2.0 ലക്ഷ്യമിട്ടിരിക്കുന്നത്. അതോടൊപ്പം, സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 എംഎസ്എംഇകളെ നാലു വർഷത്തിനുള്ളിൽ 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളായി ഉയർത്തുവാൻ ആരംഭിക്കുന്ന ‘മിഷൻ 1000’ പദ്ധതി, എംഎസ്എംഇ സുസ്ഥിരത പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ സംരംഭകവർഷം പദ്ധതി തുടങ്ങിയത്. എന്നാൽ വെറും എട്ട് മാസംകൊണ്ടുതന്നെ ആ ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. പദ്ധതിയിലൂടെ 1,39,000 സംരംഭങ്ങളാണ് ആരംഭിച്ചത്. മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. ഇതിനു ലഭിച്ച വലിയ സ്വീകാര്യതയിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കുന്നത്.
മാറുന്ന കാലത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുക്കാനുതകുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തി വരുന്നത്. ഇതിനായാണ് പുതിയ വ്യവസായനയം ആവിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.