കൊച്ചി: കേന്ദ്ര സർക്കാർ ഫണ്ട് വെട്ടിക്കുറച്ചിട്ടും ഒരു കോട്ടവും തട്ടാതെ സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി. കേന്ദ്രം 2022ൽ 822 കോടി രൂപ പദ്ധതിത്തുകയിൽ കുറച്ചു. സംസ്ഥാനത്ത് 2021ൽ 10.23 കോടി തൊഴിൽദിനങ്ങളായിരുന്നെങ്കിൽ 2022ൽ 10.59 കോടിയായി വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയതലത്തിൽ ഇത് 389 കോടിയിൽനിന്ന് 361 കോടിയായി കുറഞ്ഞു. ദേശീയതലത്തിൽ ഒരു കുടുംബത്തിന് ശരാശരി 50 തൊഴിൽദിനമാണ് ലഭിച്ചത്. കേരളത്തിൽ 64 ആയി. നൂറുദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുണ്ട്.
ഇതിന്റെ ദേശീയ ശരാശരി എട്ടും കേരളത്തിൽ മുപ്പത്തൊന്നുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂർണ സോഷ്യൽ ഓഡിറ്റ് പ്രഖ്യാപനവും ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പട്ടികവർഗവിഭാഗത്തിൽ ദേശീയ ശരാശരി 57ഉം കേരളത്തിൽ 86മാണ്. സംസ്ഥാന ഖജനാവിൽ നിന്ന് പണം വിനിയോഗിച്ച് പട്ടികവർഗ കുടുംബങ്ങൾക്ക് നൂറിലധികം തൊഴിൽദിനം ഉറപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. 2021-22ൽ ഏഴുകോടി തൊഴിൽ ദിനങ്ങൾക്കുള്ള അനുമതിയാണ് കേരളത്തിന് ആദ്യഘട്ടം ലഭിച്ചത്.
കാര്യക്ഷമമായി നടപ്പാക്കിയതിനാൽ അത് 10 കോടിയായി ഉയർത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. പദ്ധതി കൃത്യമായി ഓഡിറ്റിങ് നടത്തി കാര്യക്ഷമമാക്കാനാണ് ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കിയത്. ഇതോടെ സമ്പൂർണ സോഷ്യൽ ഓഡിറ്റിങ് കൈവരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. ഭാവിയിൽ ഓരോ വർഷവും രണ്ടുതവണയാണ് സോഷ്യൽ ഓഡിറ്റിങ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.